ലഹരിക്കേസിൽ 24 വർഷം കഠിനതടവ്; ശിക്ഷ 12 കോടിയുടെ ഹാഷിഷ് ഓയിൽ കടത്തുകേസിൽ

തിരുവനന്തപുരം : 12 കോടി രൂപ വിലവരുന്ന ലഹരിമരുന്ന് കടത്തിയ കേസില്‍ പ്രതികള്‍ക്ക് 24 വര്‍ഷം കഠിന തടവ്. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയാണ് മൂന്ന് പ്രതികള്‍ക്ക് കഠിന തടവ് വിധിച്ചത്. എറണാകുളം സ്വദേശികളായ മനുവില്‍സന്‍, അന്‍വര്‍ സാദത്ത്, രാജ് മോഹന്‍ എന്നിവരെയാണ് ശിക്ഷിച്ചിരിക്കുന്നത്. ഗൂഢാലോചന നടത്തി ലഹരിമരുന്ന് കടത്തിയതിന് വിവിധ വകുപ്പുകളിലായാണ് ശിക്ഷ. 2,10,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.

2019 മെയ 24നാണ് കഴക്കൂട്ടം കോവളം ബൈപ്പാസില്‍ വെണ്‍പാലവട്ടം ഭാഗത്ത് നിന്നും ലഹരിമരുന്നും മാരകായുധങ്ങളുമായി പ്രതികള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. കെ.എല്‍ 44 സി 1001 എന്ന നമ്പറിലുള്ള കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 12 കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലും,കഞ്ചാവും എക്‌സൈസ് പിടിച്ചെടുക്കുകയായിരുന്നു. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി. അനികുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്‍.സി.പ്രിയന്‍ അഭിഭാഷകരായ ഡി.ജെ.റെക്‌സ്, പി.റോജിന്‍ എന്നിവരാണ് ഹാജരായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top