14 പാകിസ്താൻ സൈനികർ ഉൾപ്പെടെ 25 മരണം; ബലൂചിസ്താൻ റെയിൽവേ സ്റ്റേഷനിൽ നടന്നത് ചാവേറാക്രമണം

പാകിസ്താനിലെ ബലൂചിസ്താനിലുണ്ടായ സ്ഫോടനത്തിൽ 25 പേർ മരിച്ചു. ഇവരില്‍ 14 പേർ സൈനികരാണ് റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ സ്ഫോടനത്തിൽ അമ്പതോളം പേര്‍ക്ക് പരുക്കേറ്റു. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. റെയില്‍വേ സ്റ്റേഷനില്‍ തങ്ങളുടെ ചാവേര്‍ സംഘങ്ങള്‍ ഉണ്ടായിരുന്നു. അവരാണ് പിന്നിലെന്നും പ്രസ്താവനയില്‍ ബിഎല്‍എ അവകാശപ്പെട്ടു. റെയിൽവേ സ്റ്റേഷനിൽ നിലയുറപ്പിച്ചിരുന്ന സൈനികരെ ലക്ഷ്യമിട്ടാണ് ചാവേർ ബോംബർ ആക്രമണം നടത്തിയതെന്നും ബിഎല്‍എ അറിയിച്ചു.

ഇന്ന് രാവിലെ ക്വേടാ റെയില്‍വേ സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. പെഷാവറിലേക്കുള്ള ജാഫർ എക്സ്പ്രസ് പ്ലാറ്റ്‌ഫോമിൽ എത്തുന്നതിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഈ സമയം റെയില്‍വേ സ്റ്റേഷനില്‍ നൂറിലേറെ പേരാണ് ഉണ്ടായിരുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

ചാവേര്‍ സ്ഫോടനമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ക്വേടാ പോലീസ് സീനിയര്‍ സൂപ്രണ്ട് മുഹമ്മദ് ബലൂച് അറിയിച്ചു. സ്ഫോടനത്തിന്റെ സ്വഭാവം നിര്‍ണയിക്കാന്‍ അന്വേഷണം നടന്നുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബിഎല്‍എയുടെ പങ്ക് സ്ഥിരീകരിക്കാന്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന്‌ ബലൂചിസ്താന്‍ സര്‍ക്കാര്‍ വക്താവ് ഷാഹിദ് റിന്ദ് അറിയിച്ചു.അപകട സ്ഥലത്തേക്ക് സുരക്ഷാസേനയെ അയച്ചതായും അവിടെനിന്ന് തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top