16 വർഷം 25 ചിത്രം, തലയെടുപ്പോടെ തമിഴിൽ കാർത്തി

തെന്നിന്ത്യൻ സിനിമകളിൽ മുൻനിരയിൽ നിലയുറപ്പിച്ച നടനാണ് കാർത്തി. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ ആവർത്തനം വരാതെ വിസ്മയിപ്പിച്ച താരം. 16 വർഷത്തെ അഭിനയ ജീവിതത്തിൽ 25 ചിത്രങ്ങൾ, അതും ഒന്നിനൊന്നു മികച്ചത്. 

കാർത്തിയുടെ അടുത്തിടെ റിലീസായ ചിത്രമാണ് ‘ജപ്പാൻ’. മാധ്യമപ്രവർത്തനായിരുന്ന രാജു മുരുകന്റെ ആദ്യ സംവിധാനം. ഈ സിനിമയുടെ ഭാഗമാകാൻ കാർത്തി അങ്ങോട്ട് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാൻ ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ കഥകളും കഥാപാത്രങ്ങളും സിനിമയിൽ പ്രയോഗിക്കുന്ന തമാശകളും വ്യത്യസ്തമാണെന്നും കാർത്തി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ കാർത്തി അഭിനയിച്ച് ഹിറ്റാക്കിയ കഥാപാത്രങ്ങളെ വച്ചുനോക്കുമ്പോൾ ജപ്പാൻ ഒരു ആവറേജ് സിനിമയാണ്. 2016-ൽ ഇറങ്ങിയ കാർത്തിയുടെ സൂപ്പർഹിറ്റ് ചിത്രം തോഴയുടെ സംഭാഷണം രാജു മുരുകൻ ആയിരുന്നു. കാർത്തിക് സുബ്ബരാജിന്റെ ‘ജിഗർതണ്ടാ ഡബിൾ എക്സി’ന്റെ കൂടെ തിയേറ്ററുകളിൽ കടപ്പിടിക്കാൻ ജപ്പാനായില്ല എന്നത് വാസ്തവം.

മണിരത്നത്തിന്റെ ‘ആയുധ എഴുത്ത്’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് കാർത്തി സിനിമയിൽ എത്തുന്നത്. ഈ സിനിമയിൽ നായകൻ കാർത്തിയുടെ സഹോദരൻ സൂര്യ ആയിരുന്നു എന്ന പ്രത്യേകതയും ഉണ്ട്.  2007-ൽ അമീർ സംവിധാനം ചെയ്ത പരുത്തിവീരൻ എന്ന ചിത്രത്തിലൂടെയാണ് കാർത്തി അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീടങ്ങോട്ട് കാർത്തിയുടെ നാളുകൾ. പയ്യ, നാൻ മഹാൻ അല്ല, സിരുത്തൈ, മദ്രാസ്, തോഴ, തീരൻ അധികാരം ഒന്നു,  കാഷ്മോറാ, കടൈക്കുട്ടി സിങ്കം, കൈതി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മണിരത്നത്തിന്റെ  പൊന്നിയിൻ സെൽവൻ: I, പൊന്നിയിൻ സെൽവൻ: 2, സർദാർ എന്നീ തമിഴ് സിനിമയിൽ വാണിജ്യപരമായി വിജയിച്ച ചിത്രങ്ങളിലൂടെ മുൻനിര നടനായി മാറി.

ശിവകുമാർ എന്ന നടന്റെ മകൻ ആയതുകൊണ്ടോ, തമിഴ് സൂപ്പർസ്റ്റാർ സൂര്യയുടെ അനിയൻ ആയതുകൊണ്ടോ അല്ല കാർത്തി സിനിമയിലെത്തിയത്. സ്വന്തം ഇഷ്ടപ്രകാരമാണ്. സിനിമ തിരഞ്ഞെടുക്കുന്നതിൽ കാർത്തിയ്ക്ക് പ്രത്യേക റൂൾസ് ഒന്നുമില്ല. ഏത് വേഷമണിയാനും ഒരുക്കമാണ്. എന്നാലും കാർത്തിയുടെ മിക്ക ചിത്രങ്ങളും സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയാണ്.

കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിലാകാൻ ഒരുപാട് സമയം ചെലവഴിക്കാറുണ്ട്, സംവിധായകന്റെ സ്വാതന്ത്ര്യത്തിൽ ഒരിക്കലും തന്റെ രാഷ്ട്രീയം വരാതിരിക്കാൻ ശ്രദ്ധിക്കുന്ന നടൻ കൂടിയാണ് കാർത്തി. സിനിമയ്ക്ക് പുറമേ സാമൂഹ്യ പ്രവർത്തകനായ കാർത്തി വർഷങ്ങളായി കർഷകരെ പിന്തുണയ്ക്കുന്നുണ്ട്.

‘കാർത്തി 26′ എന്ന് പേരിട്ടിരിക്കുന്ന കാർത്തിയുടെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. നളൻ കുമാരസ്വാമിയാണ് സംവിധാനം. തമിഴിലെ സൂപ്പർ ഹിറ്റ് സിനിമയായ ’96’ ന്റെ സംവിധായകൻ പ്രേംകുമാറിന്റെ അടുത്ത ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരമിപ്പോൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് കുംഭകോണത്ത് പുരോഗമിക്കുകയാണ്. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2D എന്റർടൈൻമെന്റ് ആണ് നിർമാണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top