ബംഗാളില്‍ ഇടതിന് 27 സീറ്റുകളില്‍ കെട്ടിവെച്ച കാശ് പോയി; കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ കിട്ടിയത് ഒരു സീറ്റും 11.3% വോട്ടും; ഇനി ഒരു തിരിച്ചുവരവ് അസാധ്യം
ഒരുകാലത്ത് രാജ്യത്തെ ഇടത് കോട്ട എന്നറിയപ്പെട്ടിരുന്ന പശ്ചിമ ബംഗാളില്‍ ഇടത് പാര്‍ട്ടികളുടെ ഗതി ഇന്ന് പരമദയനീയമാണ്. കോണ്‍ഗ്രസുമായി ചേര്‍ന്നാണ് സിപിഎമ്മും മറ്റ് ഇടത് പാര്‍ട്ടികളും ഇത്തവണ 42സീറ്റുകളില്‍ മത്സരിച്ചത്. ഒരു സീറ്റില്‍ മാത്രമാണ് സഖ്യത്തിന് ജയിക്കാന്‍ കഴിഞ്ഞത്. ഇടത് പാര്‍ട്ടികള്‍ മത്സരിച്ച 29 സീറ്റുകളില്‍ 27 മണ്ഡലങ്ങളിലും കെട്ടിവെച്ച കാശ് നഷ്ടമായി. സിപിഎം മത്സരിച്ച 23 സീറ്റുകളില്‍ 2 സീറ്റുകളില്‍ മാത്രമാണ് കെട്ടിവെച്ച തുക തിരികെ ലഭിച്ചത്. 13 ഇടങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 8 സീറ്റുകളില്‍ കെട്ടിവെച്ച കാശ് നഷ്ടമായി. മാള്‍ഡ സൗത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഇഷാ കിഷന്‍ ചൗധരി വിജയിച്ചു എന്നത് മാത്രമാണ് ഏക ആശ്വാസം. കഴിഞ്ഞ ലോകസഭയിലെ കോണ്‍ഗ്രസ് നേതാവായിരുന്ന അധീര്‍ രഞ്ജന്‍ ചൗധരി മുന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താനോട് എണ്‍പതിനായിരത്തില്‍പ്പരം വോട്ടിന് പരാജയപ്പെട്ടു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇടത് പാര്‍ട്ടികള്‍ക്ക് സീറ്റൊന്നും ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നു. 34 വര്‍ഷം തുടര്‍ച്ചയായി ബംഗാള്‍ അടക്കി ഭരിച്ച സിപിഎമ്മിന്റെ തിരിച്ചുവരവ് അസാധ്യമെന്നാണ് ഈ റിസള്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1977ല്‍ അധികാരത്തില്‍ നിന്ന് പുറത്തായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അവസ്ഥക്കും സംസ്ഥാനത്ത് മാറ്റമൊന്നുമില്ല. ഒരു കാലത്ത് ബദ്ധശത്രുക്കളായിരുന്ന രണ്ട് പാര്‍ട്ടികളും ഇന്നിപ്പോള്‍ നിലനില്‍പ്പിനായി പഴയവൈരം മറന്ന് ഒരുമിച്ച് നില്‍ക്കുകയാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിനും മറ്റൊരു സ്ഥാനാര്‍ത്ഥിയായ സുജന്‍ ചക്രവര്‍ത്തിക്കും മാത്രമാണ് സെക്യൂരിറ്റി തുക തിരികെ ലഭിച്ചത്. കോണ്‍ഗ്രസ് ,സിപിഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട സഖ്യത്തിന് 11.3% വോട്ടാണ് ആകെ ലഭിച്ചത്. സിപിഎമ്മിന് 5.67 ശതമാനവും കോണ്‍ഗ്രസിന് 4.68 ശതമാനവും വോട്ട് ലഭിച്ചു. സിപിഐ ഉള്‍പ്പടെയുള്ള മറ്റ് കക്ഷികള്‍ക്കൊന്നും ഒരു ശതമാനം വോട്ട് പോലും ലഭിച്ചില്ല.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിപിഎം സംഘടിപ്പിച്ച റാലികളില്‍ നല്ല ജനപങ്കാളിത്തമുണ്ടായിരുന്നെങ്കിലും അതൊന്നും വോട്ടായി മാറുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്. പഴയ മുഖങ്ങളെ മാറ്റി ചെറുപ്പക്കാരെയാണ് സിപിഎം മിക്ക മണ്ഡലങ്ങളിലും മത്സരിപ്പിച്ചത് . എന്നിട്ടും ജനപിന്തുണ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here