ആവിയായിപ്പോയ ചാരായ നിരോധനം; 96ലെ എ.കെ.ആൻ്റണി സർക്കാരിൻ്റെ ചരിത്ര തീരുമാനത്തിന് 28 വയസ്; മദ്യ വിമുക്തകേരളം എന്ന സ്വപ്നം ബാക്കി

28 വർഷം മുൻപ് ഇന്നത്തെപ്പോലൊരു തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് കേരളത്തിൽ ചാരായനിരോധനം നിലവിൽ വന്നതും തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയായതും. 1994 മാർച്ചിൽ കെ.കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ഘട്ടത്തിലാണ് എ.കെ.ആൻ്റണി രണ്ടാം വട്ടം മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാനായി ആൻ്റണി ഇറക്കിയ തുറുപ്പ് ചീട്ടായിരുന്നു ചാരായ നിരോധനം. മദ്യാസക്തി മൂലമുള്ള കുടുംബകലഹങ്ങൾ പതിവായ നാട്ടിലെ വീട്ടമ്മമാരടക്കം സ്ത്രീകളുടെ വോട്ടായിരുന്നു ലക്ഷ്യം.

1996 ഏപ്രിൽ 1 മുതലാണ് സംസ്ഥാനത്ത് ചാരായം നിരോധിച്ചത്. പന്തളം സുധാകരനായിരുന്നു അന്ന് എക്സൈസ് മന്ത്രി. വീട്ടമ്മമാരുടെ കണ്ണീരകറ്റാനും കുടുംബങ്ങളിൽ ശാന്തിയും സമാധാനവും കൈവരിക്കാനുമാണ് ചാരായം നിരോധിക്കുന്നത് എന്നായിരുന്നു എ.കെ.ആൻ്റണിയുടെ അവകാശവാദം. കൃത്യം ഒരുവർഷം മുൻപ് 1995 മാർച്ചിലായിരുന്നു ആൻ്റണിയുടെ ചരിത്രപ്രഖ്യാപനം. ആൻ്റണിയെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചതിന് പിന്നിൽ ചെറിയാൻ ഫിലിപ്പിൻ്റെ നിർണായക ഇടപെടലുണ്ടായിരുന്നു. “കേരളത്തിൽ ഇതേവരെ ഒരു ജനാധിപത്യ സർക്കാരും കൈക്കൊള്ളാൻ തയ്യാറാകാത്ത ധീരോദാത്തമായ ഒരു നടപടിയാണ് ഇത്”; അക്കാലത്ത് എക്സൈസ് വകുപ്പ് പുറത്തിറക്കിയ ലഘു ലേഖയിലെ അവകാശവാദം ഇങ്ങനെയായിരുന്നു.

പൊതുസമൂഹത്തിനും കോൺഗ്രസിനും ചാരായനിരോധനം കൊണ്ട് കാര്യമായ ഒരു ഗുണവുമുണ്ടായില്ല എന്നതാണ് സത്യം. 1996ലെ തിരഞ്ഞെടുപ്പിൽ ആൻ്റണിയും കോൺഗ്രസും തോറ്റ് തുന്നംപാടി. ചാരായനിരോധനം മുന്നണിക്കും കോൺഗ്രസിനും രാഷ്ട്രിയമായി ഗുണംചെയ്തില്ല എന്ന വാദം ആൻ്റണി ഇപ്പോഴും അംഗീകരിക്കുന്നില്ലെങ്കിലും വാസ്തവം അതാണ്. 5614 ചാരായഷാപ്പുകളാണ് 1996 മാർച്ച് 31 വരെ പ്രവർത്തിച്ചിരുന്നത്. ചാരായത്തിൽ നിന്നുള്ള വരുമാനം 250.46 കോടി രൂപയായിരുന്നു. 1994-95ൽ രണ്ട് കോടി 35 ലിറ്റർ ചാരായമാണ് വിറ്റുപോയത്. ഇതൊക്കെയാണ് പട്ടഷാപ്പുകൾ എന്ന് വിളിച്ചിരുന്ന ചാരായക്കച്ചവടത്തിൻ്റെ സാമാന്യ വിവരങ്ങൾ.

ചാരായനിരോധനം കൊണ്ട് കേരളം മദ്യവിമുക്തമാകുമെന്ന് എ.കെ.ആൻ്റണിയും മദ്യവിരുദ്ധരും ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. ചാരായംനിരോധനം പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പത്രസമ്മേളനത്തിൽ ആൻ്റണി പറഞ്ഞത് ഇങ്ങനെയാണ് – “ഏതാനും വർഷത്തിനുള്ളിൽ മദ്യത്തെ പൂർണ്ണമായും പടികടത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന പദവി കേരളം നേടും”. പക്ഷേ, 28 വർഷം കഴിഞ്ഞിട്ടും ആൻ്റണിയുടെ ആ സ്വപ്നം സാക്ഷാത്കരിച്ചില്ല. മദ്യ ഉപഭോഗത്തിൽ കേരളം രാജ്യത്ത് ആറാം സ്ഥാനത്താണിപ്പോൾ. തൻ്റെ പൊതുജീവിതത്തിലെ ഏറ്റവും നല്ല കാര്യമായിട്ടാണ് ചാരായനിരോധനത്തെ കാണുന്നതെന്നും ആൻ്റണി അക്കാലത്ത് പ്രസംഗിച്ചിരുന്നു. ഇരുപത് രൂപയ്ക്ക് 100 മില്ലിലിറ്റർ ചാരായം വാങ്ങി പൂസായി വീട്ടിൽ പോയവന് പിന്നെ ഒന്ന് മിനുങ്ങാൻ 500-600 രൂപവരെ ചെലവഴിക്കേണ്ടി വന്നതും പിന്നീട് കണ്ടു. ഒപ്പം ലഹരി മരുന്നിൻ്റെ കുത്തൊഴുക്കും സംസ്ഥാനത്ത് കാണാനിടയായി.

ചാരായ നിരോധനം കൊണ്ട് നാട്ടിലെ സ്ത്രീസമൂഹത്തിൻ്റെയാകെ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ച ആൻ്റണിക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ ലഭിച്ചത്. അധികാരത്തിൽ വന്നാൽ ചാരായം തിരികെ കൊണ്ടുവരും എന്നായിരുന്നു ഇടത് മുന്നണിയുടെ 96ലെ പ്രകടന പത്രികയിലെ വാഗ്ദാനം. പക്ഷേ, അധികാരത്തിൽ വന്ന നായനാർ മന്ത്രിസഭയോ, പിന്നീട് വന്ന ഇടത് മന്ത്രിസഭകളോ ചാരായം തിരിച്ചു കൊണ്ടു വന്നില്ല. പകരം മണിച്ചനെപ്പോലുള്ള സ്പിരിറ്റ് രാജാക്കന്മാരാണ് പിന്നീട് കളംപിടിച്ചത്. ഇതിന് സർക്കാരിൻ്റെയും പാർട്ടിയുടെയും അകമഴിഞ്ഞ പിന്തുണ കിട്ടിയെന്നതിന് തെളിവാണ് മണിച്ചൻ്റെ അറസ്റ്റിലായ ശേഷം കണ്ടെത്തിയ മാസപ്പടി ഡയറിയിലെ പേരുകൾ. സത്യനേശൻ, ഭാർഗവി തങ്കപ്പൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരുടെയെല്ലാം പേരുകൾ ഇങ്ങനെ പുറത്തുവന്നത് പാർട്ടിക്ക് ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. പ്രാദേശിക സിപിഎം – ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെയെല്ലാം സമാന ആരോപണങ്ങൾ അന്നുണ്ടായി. 2000ൽ കൊല്ലം പളളിവാതുക്കലിലുണ്ടായ മദ്യദുരന്തം നായനാർ സർക്കാരിന് തീരാകളങ്കമായി ഭവിച്ചു. ഭരണകൂടത്തിലെ ഉന്നതരും വ്യാജ മദ്യലോബിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടായിരുന്നു എന്ന് മണിച്ചൻ കേസിൽ സുപ്രീം കോടതി നിരീക്ഷിച്ചതും ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയായി.

കാൽ നൂറ്റാണ്ട് മുമ്പ് ചാരായത്തിൽ നിന്ന് കേവലം 250 കോടി വരുമാനം കിട്ടിയ സ്ഥാനത്ത് 2022-23 സാമ്പത്തിക വർഷത്തിൽ 17,719 കോടിയാണ് വിദേശ മദ്യവില്പനയിലൂടെ ഖജനാവിന് ലഭിച്ചത്. 2023 ഏപ്രിൽ മുതൽ 2024 മാർച്ച് 14 വരെ 18,160 കോടി രൂപ സർക്കാരിന് മദ്യ വില്പനയിലൂടെ ലഭിച്ചിട്ടുണ്ട്. പ്രതിദിനം ആറ് ലക്ഷം ലിറ്റർ മദ്യമാണ് മലയാളികൾ കുടിക്കുന്നത് എന്നാണ് എക്സൈസിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് രാജ്യത്തെ മദ്യവിൽപനയുടെ 4.68% കേരളത്തിലാണ് നടക്കുന്നതെന്ന്.

ചാരായനിരോധനം കൊണ്ട് നാടിനും കോൺഗ്രസിനും എന്ത് ഗുണമുണ്ടായി എന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങൾ ഒന്നും ഉണ്ടായിട്ടിട്ടില്ല. എന്തിന് കോൺഗ്രസുകാർക്ക് ഇന്ന് പോലും അതേക്കുറിച്ച് സംസാരിക്കാൻ ധൈര്യമില്ല. 2016ലെ ബാർ പൂട്ടൽ പോലെ ആകെ ചീറ്റിപ്പോയ ഒരു തിരഞ്ഞെടുപ്പ് സ്വപ്നം. അതായിരുന്നു ചാരായനിരോധനം. വേണ്ടത്ര ആലോചനയോ, പഠനമോ ഒന്നും നടത്താതെ സ്ത്രീകളുടെ വോട്ട് കിട്ടുമെന്ന മിഥ്യാധാരണയിൽ മദ്യനിരോധനം നടപ്പാക്കാൻ തുനിഞ്ഞിറങ്ങി പെരുവഴിയിലായിപ്പോയവരാണ് കോൺഗ്രസിൻ്റെ മുഖ്യമന്ത്രിമാരായ ആൻ്റണിയും ഉമ്മൻ ചാണ്ടിയും. 28 വർഷം കഴിഞ്ഞിട്ടും മലയാളിയുടെ മദ്യപാനാസക്തി അനുദിനം വർധിക്കുകയുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top