പ്രിയപ്പെട്ടവർക്കായി കടൽകടന്നത് 29 മില്യൺ റോസാപ്പൂക്കൾ; പ്രണയകാലത്ത് ബെംഗളൂരു എയർപോർട്ടിലൂടെ റെക്കോർഡ് കയറ്റുമതി
ബെംഗളൂരു: ഇക്കൊല്ലത്തെ വാലന്റൈന്‍സ് സീസണിനിൽ ബെംഗളൂരു വിമാനത്താവളത്തിൽ റോസാപ്പൂക്കളുടെ ഗന്ധം അൽപ്പം കൂടുതലായിരുന്നു. ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി 29 മില്യൺ റോസാപ്പൂക്കളാണ് വിവിധയിടങ്ങളിലേക്ക് കയറ്റി അയച്ചത്.
രാജ്യത്തിന് പുറത്തേക്ക് ഒൻപത് മില്യൺ പൂക്കൾ കയറ്റുമതി ചെയ്തപ്പോൾ രാജ്യത്തിനകത്ത് 20 മില്യൺ റോസാപ്പൂക്കളാണ് അയച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ അന്താരാഷ്ട്ര കയറ്റുമതിയിൽ 14 ശതമാനവും ആഭ്യന്തര കയറ്റുമതിയിൽ 148 ശതമാനവും വർധനയുണ്ടെന്നാണ് ‘ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്’ (ബിഐഎഎൽ) അറിയിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി 12,22,860 കിലോഗ്രാം ഭാരം വരുന്ന റോസാപ്പൂക്കൾ കയറ്റുമതി ചെയ്‌തെന്നും കഴിഞ്ഞ വർഷത്തേക്കാൾ 108 ശതമാനം വർധനയാണിതെന്നും ബിഐഎഎൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. കോലാലംപുർ, സിംഗപ്പൂർ, കുവൈറ്റ്, മനില, ഷാർജ, ഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പൂക്കൾ അയച്ചത്.
പെട്ടന്ന് കേടാകാൻ സാധ്യതയുള്ള വസ്തുക്കൾ കയറ്റുമതി ചെയ്യാൻ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നും അതുകൊണ്ട് തന്നെ കൃത്യമായും സൂക്ഷ്മമായും കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നെന്നും ബിഐഎഎൽ വ്യക്തമാക്കി. കോൾഡ് ചെയിൻ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്റെ ഫലമാണിത്. കോൾഡ് ചെയിൻ സംവിധാനം കൂടുതൽ വികസിപ്പിക്കാൻ ബിഐഎഎൽ ശ്രമിക്കുന്നണ്ട്. ഇതിനായി ഡബ്ള്യഎഫ്എസ്, മെൻസീസ് ഏവിയേഷൻ എന്നിവരുമായി ബിഐഎഎൽ പുതിയ കരാർ ഒപ്പുവച്ചിട്ടുണ്ട് . ഇത് കയറ്റുമതി കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് ബിഐഎഎല്ലിന്റെ വിലയിരുത്തൽ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here