സ്ത്രീയെ ബലാൽസംഗം ചെയ്ത് കൊന്ന കേസിൽ 29 വർഷമായി ജയിലിൽ; അങ്കമാലി സ്വദേശിയെ മോചിപ്പിക്കാൻ സുപ്രിംകോടതി ഉത്തരവ്
ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 29 വർഷമായി ജയിലിൽ കഴിയുന്ന അങ്കമാലി സ്വദേശിയെ മോചിപ്പിക്കാൻ സുപ്രിംകോടതി ഉത്തരവ്. അങ്കമാലി സ്വദേശി ജോസഫിനെ മോചിപ്പിക്കാനാണ് ജസ്റ്റിസ് എസ് രവീന്ദഭട്ട് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
1994 ൽ ജോസഫിന് ജീവപര്യന്തം ശിക്ഷയാണ് വിചാരണ കോടതി വിധിച്ചിരുന്നത്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഇയാളെ മോചിപ്പിക്കാത്തത് ക്രൂരതയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജയിൽവാസത്തിലൂടെ സ്വഭാവത്തിൽ മാറ്റമുണ്ടായ സാഹചര്യത്തിൽ ഹർജിക്കാരന്‍റെ ജയിലിൽ തുടരുന്നത് ശരിയായ നടപടിയല്ലെന്ന് ജസ്റ്റിസ് എസ്. രവീന്ദഭട്ട് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
2014ൽ കേരളം പുറത്തിറക്കിയ പുതിയ ജയിൽ നിയമപ്രകാരം ബലാത്സംഗം അടക്കം സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെ ജയിൽ മോചിതരാക്കണോ എന്ന കാര്യത്തിൽ സംസ്ഥാനത്തിന് തീരുമാനമെടുക്കാമെന്ന നിബന്ധന ഉണ്ടെന്ന വാദമാണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഉയർത്തിയത്. എന്നാൽ കോടതി ഈ വാദം തള്ളുകയായിരുന്നു.ജയിൽ വാസത്തിലൂടെ സ്വഭാവത്തിൽ മാറ്റമുണ്ടായ സാഹചര്യത്തിൽ ഹർജിക്കാരൻ ജയിലിൽ തുടരുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തൃശൂരിൽവെച്ച് ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം റെയിൽ പാളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലായിരുന്നു ജോസഫ് ശിക്ഷിക്കപ്പെട്ടത്. ജോസഫിനെതിരായ ശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും തന്നെ മോചിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജോസഫ് നൽകി ഹർജി സുപ്രീംകോടതി ആദ്യം തള്ളിയിരുന്നു. ഭരണഘടന പ്രകാരമുള്ള തന്‍റെ അവകാശത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജോസഫ് വീണ്ടും റിട്ട് ഹർജി നൽകി. തുടർന്നാണ് കേസിൽ സുപ്രീംകോടതി വാദം കേട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here