കത്തുന്ന കേരള ധനവകുപ്പിൻ്റെ കഴുക്കോലൂരി കേന്ദ്രം; പ്രിൻ. സെക്രട്ടറിക്ക് ഡെപ്യൂട്ടേഷൻ; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അടക്കം മൂന്നുപേർ കേന്ദ്രത്തിലേക്ക്

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ധനവകുപ്പിലെ പ്രധാനി കേരളം വിടുന്നു. സെക്രട്ടേറിയറ്റിലെ മറ്റൊരു ലോബി ധനവകുപ്പിനെ മറികടന്നു സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നെന്ന പരാതി സജീവമായിരിക്കെ, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ആണ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുന്നത്. ധനകാര്യ വകുപ്പില്‍ രബീന്ദ്രകുമാര്‍ അഗര്‍വാളിനു പകരക്കാരനെ കണ്ടെത്തുക വെല്ലുവിളിയാണ്. ധനപ്രതിസന്ധിയുടെ കാലത്തു കൂടുതല്‍ കരുതലോടെയാകും ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ നീങ്ങുക.
ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പോലും കടമെടക്കേണ്ട അവസ്ഥയിലാണ് കേരളത്തിൻ്റെ ധനസ്ഥിതി. ക്ഷേമ പെന്‍ഷന്‍ മുടങ്ങാതെ കൊടുക്കാന്‍ എന്തു ചെയ്യണമെന്നും അറിയില്ല. ഇതിനിടെയാണ് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി. ഇതെല്ലാം നേരിടാന്‍ സര്‍ക്കാര്‍ നെട്ടോട്ടം ഓടുമ്പോഴാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലില്‍ രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ഡല്‍ഹിക്കു ചുവടുമാറ്റുന്നത്.
കേന്ദ്ര സഹകരണ വകുപ്പിന്റെ ചുമതലയും അമിത് ഷായ്ക്കാണ്. ഈ വകുപ്പിലേക്കാണ് രബീന്ദ്രകുമാര്‍ അഗര്‍വാളിന്റെ മാറ്റം. കേരളത്തിലെ സഹകരണ മേഖലയെ അടക്കം കൈപ്പിടിയിൽ ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സഹകരണ വകുപ്പിന്റെ ഇടപെടലുകള്‍. ഇപ്പോള്‍ ഈ വകുപ്പിലേക്ക് കേരളത്തിൽ താക്കോല്‍ സ്ഥാനത്തുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ തന്നെ അമിത് ഷാ എത്തിക്കുകയും ചെയ്യുന്നു. കരുവന്നൂര്‍ അടക്കമുള്ള സഹകരണ വിവാദങ്ങളില്‍ നിര്‍ണായക തീരുമാനം അമിത് ഷാ ഉടന്‍ എടുക്കുമെന്നും അതിന് മുന്നോടിയായാണ് അഗര്‍വാളിന് ഡല്‍ഹിയില്‍ ചുമതല നല്‍കുന്നതെന്നും സൂചനയുണ്ട്.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ചുമതലയുള്ള മറ്റൊരു മുതിര്‍ന്ന ഐഎ.എസുകാരനായ സഞ്ജയ് കൗളും കേന്ദ്ര ഡെപ്യൂട്ടേഷിലേക്കു പോകുകയാണ്. കെ.എഫ്.സിയുടെ അധികച്ചുമതലയും സഞ്ജയ് കൗളിനാണ്. മുമ്പു പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കൗള്‍ ഗുജറാത്തില്‍ ടൂറിസം വകുപ്പിന്റെ ചുമതലയില്‍ ഉണ്ടായിരുന്നു. കേന്ദ്രത്തിൽ ഉറച്ച ബന്ധങ്ങളുള്ള കൗളിനെയും പ്രത്യേക താല്‍പ്പര്യത്തിലാണ് ഡല്‍ഹിയിലേക്കു കൊണ്ടുപോകുന്നത്.
ജലവിഭവ സെക്രട്ടറി അശോക് കുമാര്‍ സിങ് ഐഎഎസും കേന്ദ്രത്തിലേക്കു പോകുകയാണ്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രത്യേക താല്‍പ്പര്യം കേന്ദ്ര സാംസ്‌കാരിക വകുപ്പിലേക്കുള്ള അശോക് കുമാര്‍ സിങ്ങിന്റെ നിയമനത്തില്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സുപ്രധാന ചുമതലയിലുള്ള മൂന്ന് ഐഎഎസുകാര്‍ ഒറ്റയടിക്ക് കേരളം വിടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here