ആനകൾ കൊമ്പുകോർത്തു, മൂന്നുമരണം; കുരുതിക്കളമായി കൊയിലാണ്ടി ക്ഷേത്രം; അടിയന്തിര റിപ്പോർട്ട് തേടി വനംമന്ത്രി
![](https://www.madhyamasyndicate.com/wp-content/uploads/2025/02/elephants-amok-FI.jpg)
ഇടഞ്ഞ ആനകൾ പരസ്പരം ഏറ്റുമുട്ടിയതോടെ കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രപരിസരത്ത് ജീവനറ്റത് മൂന്നുപേരുടെ. ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തുകയും തുടർന്ന് രണ്ട് ആനകളും വിരണ്ടോടുകയും ചെയ്‌തതിനെ തുടർന്നാണ് ദാരുണ അപകടമുണ്ടായത്. തിക്കിലും തിരക്കിലും പെട്ടാണ് മരണങ്ങൾ ഉണ്ടായത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ആനകൾ പരസ്പരം കൊമ്പുകോർക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. പാപ്പാന്മാരെല്ലാം ചേർന്ന് ശ്രമിച്ചിട്ടും നിയന്ത്രിക്കാനാകാതെ ആനകൾ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയതോടെ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നവർ പരക്കംപാഞ്ഞു. ഇതിനിടയിൽ പെട്ടുപോയവർക്കാണ് ജീവൻ നഷ്ടമായത്. കോഴിക്കോട് കലക്ടറോടും, ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോടും ആണ് വനംമന്ത്രി എ കെ ശശീന്ദ്രൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇവിടെ നാട്ടാന പരിപാലന ചട്ടത്തിൻ്റെ ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുക.
പരിക്കേറ്റവർക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഓഫീസ് അറിയിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക ക്രമീകരണം ഒരുക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയും സജ്ജമാക്കി. വിദഗ്ധ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here