സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച എട്ട് പ്രതികള്‍ ഒളിവില്‍; മൂന്ന് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി; മുഴുവന്‍പേരേയും ഉടന്‍ പിടികൂടുമെന്ന് അന്വേഷണസംഘം

വയനാട് : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിദ്ധാര്‍ത്ഥനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചതില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവത്തില്‍ ഇനി 8 പേര്‍ കൂടിയാണ് പിടികൂടാനുള്ളത്. ഇവര്‍ ഒളിവിലാണെന്നാണ് അന്വേഷണസംഘം പറയുന്നത്. ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എസ്എഫ്‌ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കല്‍മേട് സ്വദേശി എസ്. അഭിഷേക്, തിരുവനന്തപുരം സ്വദേശികളായ രെഹാന്‍ ബിനോയ്, എസ്.ഡി. ആകാശ്, ആര്‍.ഡി. ശ്രീഹരി, തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായ് , വയനാട് ബത്തേരി സ്വദേശി ബില്‍ഗേറ്റ്‌സ് ജോഷ്വ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

കല്‍പ്പറ്റ് ഡിവൈ.എസ്.പി ടി.എന്‍.സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണത്തിലെ തര്‍ക്കത്തെത്തുടര്‍ന്ന് കോളജില്‍വെച്ച് സിദ്ധാര്‍ത്ഥന് ക്രൂരമര്‍ദ്ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നു. മൂന്ന് ദിവസത്തോളം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നാണ് പരാതി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top