മാലിന്യക്കുഴിയിൽ വീണ് കുട്ടി മരിച്ചതിൽ അവ്യക്തത; വാർത്താക്കുറിപ്പ് ഇറക്കി നെടുമ്പാശേരി വിമാനത്താവളം

വിനോദയാത്രാ സംഘത്തിലെ മൂന്നുവയസുകാരൻ നെടുമ്പാശേരി വിമാനത്താവള പരിസരത്തെ മാലിന്യക്കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച. ഇവിടുത്തെ ഭക്ഷണശാലകളുടെ മാലിന്യമൊഴുക്കുന്ന മൂടിയില്ലാത്ത കുഴിയാണ് കുട്ടിയുടെ ജീവനെടുത്തത്. രാജസ്ഥാൻ സ്വദേശിയായ സൗരഭിൻ്റെ മകൻ റിതൻ ജാജുവാണ് മരിച്ചത്.

ആഭ്യന്തര ടെർമിനലിനു പുറത്തുള്ള ‘അന്നാ സാറ’ കഫേയുടെ പിൻഭാഗത്താണ് അപകടം നടന്നതെന്ന് സിയാൽ (CIAL) വാർത്താക്കുറിപ്പിൽ അറിയിച്ചു. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്‌ഥലമാണ് ഇതെന്നാണ് അധികൃതരുടെ വിശദീകരണം. ഇവിടേക്ക് നടവഴിയില്ല. ഒരു വശം കെട്ടിടവും മറ്റു മൂന്നുവശം ബൊഗെയ്ൻ വില്ല ചെടി കൊണ്ടുള്ള വേലിയുമാണ്.

മാൻഹോളിൻ്റെ വലുപ്പത്തിലുള്ള മാലിന്യക്കുഴിയാണ് ദുരന്തമുണ്ടാക്കിയത്. കുട്ടികളടക്കം ഇത്രയധികം ആളുകൾ വന്നുപോകുന്ന വിമാനത്താവള പരിസരത്ത് ഇത്തരം കുഴികൾ മൂടാത്തത് അപകടം ഉണ്ടാക്കുമെന്ന് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്ന് വ്യക്തം. അപകടശേഷം മാധ്യമങ്ങൾ സ്ഥലത്തെത്തുമ്പോൾ ഇത് മൂടിയ നിലയിലായിരുന്നു.

കഫേയിൽ മാതാപിതാക്കൾ ഭക്ഷണം കഴിക്കുമ്പോൾ കുട്ടിയെ കാണാതാകുകയായിരുന്നു. കുഴി ഉൾപ്പെടുന്ന ഭാഗത്ത് പൂച്ചെടികൾ വച്ചിരിക്കുന്നതിനാൽ ആളുകൾ ഇവിടെ ഫോട്ടോ എടുക്കാറുണ്ട്. കുട്ടിക്കൊപ്പം ഉണ്ടായിരുന്നവരും ഫോട്ടോയെടുത്ത് മടങ്ങിയ ശേഷം കുട്ടി ഒറ്റക്ക് ഇവിടേത്ത് എത്തുകയായിരുന്നു എന്നാണ് കരുതുന്നത്.

കാണാനില്ലെന്ന് മാതാപിതാക്കൾ വിവരമറിയിച്ചതോടെ നടത്തിയ സിസിടിവി പരിശോധനയിൽ കുട്ടി മാലിന്യകുഴിയിൽ വീണതായി തിരിച്ചറിഞ്ഞു. തുടർന്ന് അച്ഛൻ തന്നെയാണ് കുട്ടിയെ കുഴിയിൽ നിന്നെടുത്തത്. ഉടൻ പ്രാഥമിക ചികിത്സ നൽകിയ ശേഷം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉച്ചയ്ക്ക് 1.42നാണ് മരണം സ്ഥിരീകരിച്ചത്. തുടർനടപടികൾക്കായി കുടുംബത്തിനൊപ്പമുണ്ടെന്ന് വിമാനത്താവള കമ്പനിയായ ‘സിയാൽ’ അധികൃതർ അറിയിച്ചു. മാതാപിതാക്കൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും സിയാൽ ഉറപ്പുനൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top