ചാലിയാര്‍ കടന്ന് വയനാട്ടിലേക്ക് പോയ മൂന്ന് യുവാക്കള്‍ വനത്തില്‍ കുടങ്ങി; എയര്‍ലിഫ്റ്റിങ് നടത്താന്‍ ആലോചന

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ മൃതദേഹം കണ്ടെത്താനുള്ള പരിശോധനക്ക് പോയ യുവാക്കള്‍ വനത്തില്‍ കുടുങ്ങി. ചാലിയാര്‍ പുഴ കടന്ന് വയനാട് ഭാഗത്തേക്ക് പോയ മലപ്പുറം സ്വദേശികളാണ് കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും കാരണം കുടങ്ങി കിടക്കുന്നത്. ഇന്നലെയാണ് യുവാക്കള്‍ സ്വന്തം നിലയില്‍ പുഴ കടന്ന് പോയത്. ഇന്നാണ് യുവാക്കള്‍ കുടങ്ങിയ കാര്യം അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ ഒരു പാറയുടെ മുകളില്‍ കണ്ടെത്തിയത്.
പോത്തുകല്ല് മുണ്ടേരി സ്വദേശികളായ റഹീസ്, സാലി, മുഹ്‌സിന്‍ എന്നിവരാണ് കുടുങ്ങി കിടക്കുന്നത്. ഈ ഭാഗത്ത് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും വ്യാപകമായി എത്തിയിരുന്നു. കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്ന പരിശോധിക്കാനാണ് യുവാക്കള്‍ പുഴ കടന്ന് പോയത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് നിരവധി മൃതദേഹങ്ങള്‍ കുടങ്ങി കിടക്കുന്നുവെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ അപകടകരമായ മേഖലയായതിനാല്‍ ആരും ഇറങ്ങരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ച് പോയ സംഘമാണ് കുടുങ്ങിയിരിക്കുന്നത്.

ഇവര്‍ പോയ ശേഷം പുഴയില്‍ കുത്തൊഴുക്ക് ഉണ്ടായതോടെ ഇവര്‍ക്ക് തിരികെ എത്താന്‍ കഴിഞ്ഞില്ല. രാത്രി സംഘം ഒരു പാറയുടെ മുകളില്‍ കഴിച്ചു കൂട്ടുകയായിരുന്നു. ഇവര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. എന്നാല്‍ ഇവര്‍ക്ക് പുഴ കടക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ എയര്‍ലിഫ്റ്റിങ് നടത്തുന്നതിനുള്ള പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here