മനസറിയാതെ ബീഫ് തിന്നതിന് മൊട്ടയടിച്ച് ശുദ്ധികലശം!! മട്ടൻ്റെ മറവില്‍ ബീഫ് കലര്‍ത്തിയ ഹോട്ടല്‍ പൂട്ടിച്ചു

മട്ടണ്‍ വിഭവങ്ങളുടെ മറവില്‍ ബീഫ് ഐറ്റങ്ങളുണ്ടാക്കി വിറ്റ ഹോട്ടല്‍ പൂട്ടിച്ചു. ബീഫ് കലര്‍ന്ന മട്ടണ്‍ കഴിച്ച മുന്നൂറിലധികം പേര്‍ ദൈവകോപം വരാതിരിക്കാന്‍ തല മൊട്ടയടിച്ചതിന് പുറമെ പൂജാദികര്‍മ്മങ്ങളും ശുദ്ധികലശവും നടത്തി. ഒഡീഷയിലെ പുരി ജില്ലയിലെ ചന്ദന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.
ഭുവനേശ്വര്‍ – പുരി നാഷണല്‍ ഹൈവേ ഓരത്ത് സ്ഥിതി ചെയ്യുന്ന റസ്റ്റോറൻ്റ് മട്ടണ്‍ വിഭവങ്ങള്‍ക്ക് പ്രശസ്തമാണ്. എന്നാൽ ഈമാസം ആറിന് ആട്ടിറച്ചി വ്യാപാരിയുടേതായി വന്ന ഒരു വീഡിയോ നാട്ടുകാരെ ഞെട്ടിച്ചു. ഈ ഹോട്ടലില്‍ കൊടുക്കുന്ന ആട്ടിറച്ചിയിൽ താന്‍ ബീഫ് കലര്‍ത്താറുണ്ടെന്ന് ഗോസംരക്ഷകര്‍ക്ക് മുമ്പില്‍ തുറന്ന് പറയുന്നതായിരുന്നു അത്. ഇത് നാടാകെ പരന്നത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടപെട്ടു. സാമ്പിളുകള്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. തുടര്‍ന്ന് കട പൂട്ടിച്ച പോലീസ് ബന്തവസ് ഏര്‍പ്പെടുത്തി.
സംഭവം പുറത്തറിഞ്ഞതോടെ ശുദ്ധികര്‍മ്മങ്ങള്‍ നടത്താന്‍ ഗ്രാമത്തിലെ ക്ഷേത്ര പൂജാരി ബീഫ് തിന്നവരോട് നിര്‍ദ്ദേശിച്ചു. രണ്ട് ദിവസം നീണ്ടു നിന്ന പൂജകളും പരിഹാരക്രിയകളുമാണ് പൂജാരി വിധിച്ചത്. ബീഫ് കഴിച്ചവര്‍ തല മുണ്ഡനം ചെയ്യുന്നതിന് പുറമേ, പുണ്യസ്‌നാനം, ശുദ്ധികലശം, പുണ്യാഹം തളിക്കല്‍, തുടങ്ങിയ കര്‍മ്മങ്ങളും ചെയ്തു വരികയാണ്. ഇതു കൂടാതെ ഗോമൂത്രം കുടിക്കാനും പൂജാരി കല്പിട്ടുണ്ട്.
ഹോട്ടലുകളില്‍ കൃത്യമായ ഇടവേളകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തണമെന്ന് ജില്ലാ ഭരണ കൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here