ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ട!! കുരുതിക്കളമായി ഇന്ദ്രാവതി നാഷണൽ പാർക്ക്; 31 മൃതദേഹങ്ങൾ കണ്ടെടുത്തു

ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റ് താവളം തകർത്ത് സുരക്ഷാസേനയുടെ അതിവിദഗ്ധനീക്കം. ഇന്ന് പുലർച്ചെ തുടങ്ങിയ ഓപ്പറേഷനൊടുവിൽ മുപ്പതിലേറെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഔദ്യോഗികമായി അറിയിച്ചു. രണ്ട് ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ഹെലികോപ്റ്റർ അയച്ച് രക്ഷപെടുത്തി റായ്പൂരിൽ ആശുപത്രിയിൽ എത്തിച്ചു.
ജില്ലാ റിസർവ് സേനയും (District Reserve Guard) പ്രത്യേക ദൗത്യസംഘവും (Special Task Force) ചേർന്നാണ് സമീപകാലത്തെ ഏറ്റവും വലിയ നീക്കം നടത്തിയത്. മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ഇന്ദ്രാവതി നാഷണൽ പാർക്ക് 2800 ചതുരശ്ര കിലോമീറ്റർ വരുന്ന വനപ്രദേശമാണിത്. ഇവിടം മാവോയിസ്റ്റുകൾ സുരക്ഷിത താവളമാക്കിയതായി മുൻപേ വിവരമുണ്ട്. കൃത്യമായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ നീക്കമെന്ന് ബസ്തർ റേഞ്ച് ഐജി പി.സുന്ദർരാജ് അറിയിച്ചു.
കഴിഞ്ഞമാസം 12ന് ഇതേ പ്രദേശത്ത് മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഈവർഷം ഇതുവരെ 62 മാവോയിസ്റ്റുകളാണ് ഛത്തീസ്‌ഗഡിൽ സുരക്ഷാസേനയോട് എതിരിട്ട് കൊല്ലപ്പെട്ടത്. 11 ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. 11 പേരെ മാവോയിസ്റ്റുകൾ വെടിവച്ച് കൊലപ്പെടുത്തിയായും സർക്കാർ കണക്ക് പുറത്തുവിട്ടിട്ടുണ്ട്. അതിൽ അഞ്ചുപേരും ഇന്ന് ആക്രമണമുണ്ടായ ബീജാപൂരിൽ നിന്നുള്ളവരാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here