കെടിഡിഎഫ്‌സി അടച്ചുപൂട്ടലിന്റെ വക്കിൽ, സർക്കാർ തിരിഞ്ഞുനോക്കുന്നില്ല, നിക്ഷേപകർ നെട്ടോട്ടത്തിൽ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാനാവാതെ നട്ടം തിരിയുകയാണ് കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (കെടിഡിഎഫ്‌സി). കാലാവധി കഴിഞ്ഞ 490 കോടിയുടെ നിക്ഷേപമാണ് മടക്കിനല്‍കാനുള്ളത്. എത്രയും വേഗം തുക നല്‍കിയില്ലെങ്കില്‍ ബാങ്കിതര ധനകാര്യസ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് റദ്ദാക്കുമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നൽകി. കൊൽക്കത്ത ആസ്ഥാനമായ ശ്രീരാമകൃഷ്ണ മിഷനിൽ നിന്നു 130 കോടിരൂപ സ്ഥിര നിക്ഷേപമായി സ്വീകരിച്ചത് കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകാൻ മാസങ്ങളായി കഴിയാതെ വന്നതാണു റിസർവ് ബാങ്ക് നടപടിക്കു കാരണം.
580 കോടിയോളം രൂപയാണ് കെടിഡിഎഫ്‌സിയിൽ പൊതുജന നിക്ഷേപമായുള്ളത്. ഇവർ കൈമലര്‍ത്തിയതോടെ വന്‍കിട നിക്ഷേപകര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ഗതാഗതമന്ത്രി ആന്‍റണി രാജുവും തിരിഞ്ഞുനോക്കുന്നില്ല. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് പതിവായിട്ടും പൊതുമേഖലാ സ്ഥാപനത്തെ തകർച്ചയിൽ നിന്നും രക്ഷിക്കാൻ സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.
കെഎസ്ആര്‍ടിസിക്ക് നല്‍കിയ 360 കോടി തിരിച്ചുനല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് കെടിഡിസി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. തുക ഇപ്പോള്‍ പലിശയടക്കം 900 കോടിയായി. എന്നാല്‍ പണം നല്‍കാനില്ലെന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി. ഈ പണം സര്‍ക്കാര്‍തന്നെ മടക്കിനല്‍കണമെന്ന് കെടിഡിഎഫ്‌സി ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം പലവട്ടം ചര്‍ച്ചചെയ്‌തെങ്കിലും ധനവകുപ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. ഇതോടെ കടക്കെണിയിലായ ധനകാര്യ വകുപ്പ് കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here