ഭൂമി തരംമാറ്റം വേഗത്തിലാക്കാൻ 372 തസ്തികൾ, ഫീൽഡ് സർവ്വേക്കായി 220 വാഹനങ്ങളും
തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിനായുളള അപേക്ഷകൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനായി റവന്യൂ വകുപ്പിൽ 372 തസ്തികൾ സൃഷ്‌ടിച്ചു. ഫയലുകൾ അതിവേഗം തീർപ്പാക്കുന്നതിനായി 68 ജൂനിയർ സൂപ്രണ്ട് തസ്തികയും 181 ക്ലാർക്ക് തസ്തികയും പുതിയതായി ഉണ്ടാകും. ഇതിനുപുറമെ 123 സർവ്വെയർമാരെ താല്കാലികമായി നിയമിക്കുന്നതിനും 220 വാഹനങ്ങൾ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിനും ഉത്തരവായി.
ഭൂമി താരമാറ്റുന്നതിനായി വിവിധ റവന്യൂ ഓഫീസുകളിലായി കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാൻ സർക്കാരിന്റെ പുതിയ നടപടി സഹായകരമാകും. വില്ലേജുകളിൽ നിലവിൽ യാത്ര സൗകര്യങ്ങളില്ലാത്തതുകൊണ്ടു മിക്കപ്പോഴും ഫീൽഡ് പരിശോധന നടക്കാറില്ലായിരുന്നു. വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നതോടെ ഫീൽഡ് സർവ്വേ സുഗമമായിനടക്കുമെന്നാണ് കരുതുന്നത്.
റവന്യൂ വകുപ്പിന്റെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസ് തലം മുതൽ വിവിധ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി വില്ലേജ് ഓഫീസിലെ അടിസ്ഥാന രേഖകളായ ബിടിആർ തണ്ടപ്പേർ എന്നിവ ഡിജിറ്റൈസ് ചെയ്ത് ഭൂനികുതി ഓൺലൈനായി സ്വീകരിച്ചു തുടങ്ങിയതോടെ ഭൂമിയുടെ യഥാർത്ഥ തരം നികുതി രസീതിൽ രേഖപ്പെടുത്താൻ തുടങ്ങി. ലക്ഷകണക്കിന് തരംമാറ്റ അപേക്ഷകൾ സംസ്ഥാനത്തെ റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ കുന്നുക്കൂടുന്നതിന് ഇത് കാരണമായി. പരിമിതമായ മനുഷ്യവിഭവശേഷിയോടെ പ്രവർത്തിച്ചിരുന്ന ആർഡിഒ ഓഫീസുകളിലേക്ക് ക്രമാതീതമായി ലഭിച്ച തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാനാവാതെ ആർഡിഒ ഓഫീസുകളുടേയും വില്ലേജ് ഓഫീസുകളുടേയും താലൂക്ക് ഓഫീസുകളുടേയും പ്രവർത്തനം താളം തെറ്റുന്ന അവസ്ഥ സംജാതമായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here