കംബോഡിയയിലെ കോള്‍ സെന്റര്‍ വഴി രണ്ടു കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; നാലു മലയാളികള്‍ അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം ഓഹരി വിപണിയില്‍ നിക്ഷേപം നടത്താനെന്ന പേരിലാണ് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്തത്. കംബോഡിയയിലെ കോള്‍ സെന്റര്‍ വഴി തട്ടിപ്പ് നടത്തിയ കേസില്‍ നാലു മലയാളികളാണ് അറസ്റ്റിലായത്. കോഴിക്കോട് നല്ലളം സ്വദേശി സാദിക് , ഇടുക്കി തൊടുപുഴ സ്വദേശി ഷെഫീക്ക് , കോഴിക്കോട് വടകര ഇരിങ്ങല്‍ സ്വദേശി സാദിക്ക്, തൃശ്ശൂര്‍ പൂക്കോട് സ്വദേശി നന്ദുകൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഓഹരിവിപണിയില്‍ ലാഭം നേടുന്നതിന് സഹായകരമായ രീതിയില്‍ ഉപദേശം നല്‍കി വിശ്വാസം ആര്‍ജിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി എഐ ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയായിരുന്നു. പണം നഷ്ടമായതോടെ തിരുവനന്തപുരം സ്വദേശി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിക്കാരനും പ്രതികളും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ വിശകലനം ചെയ്ത് നടത്തിയ അന്വേഷണത്തില്‍ കുറ്റകൃത്യം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് ഇന്ത്യയ്ക്ക് വെളിയിലാണെന്നു കണ്ടെത്തിയത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സി.എസ് ഹരിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ചത്.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിവിധ ബാങ്ക് അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യുകയാണ് ചെയ്യുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കമ്മീഷന്‍ വാങ്ങി ചിലര്‍ ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇത്തരം അക്കൗണ്ടില്‍ വരുന്ന പണം പിന്‍വലിച്ച് കമ്മീഷന്‍ തുകയെടുത്തശേഷം ബാക്കി ഏജന്റിന് കൈമാറും. ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കംബോഡിയയിലെ കോള്‍ സെന്റര്‍ വഴി തട്ടിപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന മലപ്പുറം പാപ്പന്നൂര്‍ സ്വദേശി മനുവിന്റെ പ്രധാന സഹായിയാണ് അറസ്റ്റിലായ സാദിക്. കമ്മീഷന്‍ വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് എടുക്കുന്നത് സാദിക്കാണ്. ഇത്തരത്തില്‍ ശേഖരിക്കുന്ന പണം ഡിജിറ്റല്‍ കറന്‍സിയായി മാറ്റി കംബോഡിയയിലേയ്ക്ക് അയയ്ക്കുകയാണ് ഷെഫീക്ക് ചെയ്തിരുന്നത്. കമ്മീഷന്‍ കൈപ്പറ്റി സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ കൈമാറിയതിനാണ് സാദിക്ക്, നന്ദുകൃഷ്ണ എന്നിവര്‍ അറസ്റ്റിലായത്. ഇവരെ കോടതി റിമാന്റ് ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here