പൂരത്തിൽപെട്ടു തെറിച്ച തൃശൂർ കമ്മിഷണറുടെ കസേരയിലേക്ക് ഇനിയാര്? നാലംഗ പാനൽ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി ഡിജിപി; ജി.ജയദേവിന് സാധ്യത

തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പിലെ വീഴ്ചയുടെ പേരിൽ ഒഴിവാക്കപ്പെടുന്ന അങ്കിത് അശോകന് പകരം കമ്മിഷണർ ആയി നിയമിക്കാനുള്ളവരുടെ കാര്യത്തിൽ തീരുമാനം എടുക്കുക തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിനായി നാല് എസ്പിമാരുടെ പേരുകൾ കമ്മിഷന് സംസ്ഥാന പോലീസ് മേധാവി നൽകി. ഐപിഎസ് ലഭിച്ച രണ്ടുപേരും പട്ടികയിൽ ഉൾപ്പെടുന്നു. ആംഡ് ബറ്റാലിയൻ എസ്പി ജി.ജയദേവ്, ഇന്റലിജൻസ് എസ്പി എം.എൽ.സുനിൽ, പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ വി.യു.കുര്യാക്കോസ്, പോലീസ് ആസ്ഥാനത്തെ എഐജി-1 ആർ.വിശ്വനാഥ് എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത് എന്നാണറിവ്.

പൂരത്തിലെ പോലീസിൻ്റെ ഇടപെടൽ മുമ്പെങ്ങുമില്ലാത്ത വിധം വിമർശിക്കപ്പെടുകയും തിരഞ്ഞെടുപ്പ് കാലത്ത് അത് തിരിച്ചടിയാകുമെന്നും വന്നതോടെയാണ് അടിയന്തരമായി കമ്മിഷണറെ മാറ്റിനിയമിക്കാൻ സർക്കാർ തീരുമാനം എടുത്തത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഈ തീരുമാനം നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി അനിവാര്യമാണ്. അതുകൊണ്ടാണ് പുതിയ കമ്മിഷണറായി നിയമിക്കേണ്ടവരുടെ വിവരങ്ങൾ കമ്മീഷന് നല്‍കിയത്. കമ്മീഷന്‍ പച്ചക്കൊടി കാട്ടിയാല്‍ ഉടന്‍ നിയമന ഉത്തരവ് പുറത്തിറങ്ങും.

അങ്കിത് അശോകിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവധി അനുവദിച്ചുള്ള ഉത്തരവും ഉടന്‍ ഇറങ്ങും. അങ്കിത് അശോകനെ കൂടാതെ അസിസ്റ്റന്റ് കമ്മീഷണര്‍ സുദർശനനോടും സ്ഥാനമൊഴിയാൻ നിർദേശിച്ചിട്ടുണ്ട്. അടിയന്തരമായി ഇവരെ സ്ഥലം മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാന പൊലിസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പൂരത്തിന് അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്നതാണ് പോലീസിനെതിരെ ഉയരുന്ന വിമർശനം. കമ്മിഷണർ നേരിട്ട് ഇറങ്ങുനിന്ന് പല സ്ഥലത്തും ആളുകളെ തടയുകയും മറ്റും ചെയ്തിരുന്നു. ആനകള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും അങ്കിത് അശോകന്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വരികയും ചെയ്തു. ഇതിനെല്ലാമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് കടുത്ത തീരുമാനങ്ങള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top