നാലാം ദിനവും ജീവൻ്റെ തുടിപ്പുകൾ; പടവെട്ടിക്കുന്നിൽ നിന്നും 4 പേരെ ജീവനോടെ രക്ഷപ്പെടുത്തി

വയനാട് ദുരന്തഭൂമിയിൽ നിന്നും പ്രതീക്ഷയുടെ വാർത്ത. ഇന്ന് സൈന്യം നടത്തിയ തിരച്ചിലിൽ 4 പേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ നിന്നും 2 പുരുഷൻമാരെയും 2 സ്ത്രീകളെയുമാണ് രക്ഷിച്ചത്. നാലു പേരെയും ഹെലികോപ്റ്റർ സഹായത്തോടെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചതായി സൈന്യം അറിയിച്ചു.

മണ്ണിൽ കുടുങ്ങിയവരല്ല ഇവർ നാലു പേരും. ദുരന്തത്തിന് ശേഷം പകുതി തകര്‍ന്ന വീട്ടില്‍ ഒറ്റപ്പെട്ട് പോയവരെയാണ് രക്ഷാദൗത്യത്തിൻ്റെ എഴുപത്തിയെട്ടാം മണിക്കൂറിൽ കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ ഒരു സ്ത്രീക്ക് കാലില്‍ പരുക്കേറ്റിട്ടുണ്ട്. കാഞ്ഞിരക്കത്തോട്ട് വീട്ടില്‍ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയത് എന്നാണ് വിവരം.

നിരവധിയാളുകൾ ഇനിയും പ്രദേശത്ത് ഒറ്റപ്പെട്ട് കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന സൂചനയാണ് ഇത് നൽകുന്നത്. ചൊവാഴ്ച പുലർച്ചെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 316 ആയി. ഇതില്‍ 23 പേര്‍ കുട്ടികളാണ്. 29 കുട്ടികൾ ഉൾപ്പെടെ ഇരുന്നൂറിലധികം ആളുകളെ ഇനിയും കണ്ടെത്തിയിട്ടില്ല.

നാലാം ദിനവും ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ദുരന്തബാധിത പ്രദേശത്തെ ആറ് സോണുകളായി തിരിച്ചാണ് തിരച്ചിൽ. 40 പേരടങ്ങുന്ന സംഘങ്ങളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. സൈന്യം, എൻഡിആർഎഫ്, ഡിഎസ്‌ജി, കോസ്റ്റ് ഗാർഡ്, നേവി എന്നിവർ ഉൾപ്പെടുന്ന സംയുക്ത സംഘത്തിൽ ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനം വകുപ്പ് ജീവനക്കാരനും ഉള്‍പ്പെടുന്നു.

അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാർമല, ചൂരൽമല പുഴയുടെ അടിവാരം എന്നിങ്ങനെ യഥാക്രമം ആറു സോണുകളായിട്ടാണ് തിരിച്ചിരിക്കുന്നത്. മുണ്ടക്കൈയേയും ചൂരൽമലയേയും ബന്ധിപ്പിച്ച് സൈന്യം നിർമിച്ച ബെയ്‌ലി പാലം തുറന്നതോടെ ദ്രുതഗതിയിലാണ് തിരച്ചിൽ നടക്കുന്നത്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും വാഹനങ്ങളും ദുരന്ത പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. റഡാർ സംവിധാനവും, ഹെലികോപ്റ്ററുകളും ഉപോയോഗിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top