സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും ജനങ്ങള്‍ക്ക്, ജനപ്രതിനിധികള്‍ക്കില്ല; എംഎല്‍എമാരുടെ യാത്രപ്പടിക്ക് 40 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം : എംഎല്‍എമാരുടെ യാത്രപ്പടി നല്‍കാന്‍ 40 ലക്ഷം കൂടി അനുവദിച്ച് ധനവകുപ്പ്. സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി തുക ആനുവദിച്ചിരിക്കുന്നത്. ധനമന്ത്രി കെ.എന്‍,.ബാലഗോപാലിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഫെബ്രുവരി 29നാണ് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്. ജനുവരി 11നും എംഎല്‍എമാരുടെ യാത്രപ്പടിക്കായി 75 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുകൂടാതെയാണ് ഇപ്പോള്‍ വീണ്ടും തുക അനുവദിച്ചിരിക്കുന്നത്

7.50 കോടി രൂപയാണ് 2023-24 ബജറ്റില്‍ സാമാജികര്‍ക്കുളള യാത്രപ്പടിയായി വകയിരുത്തിയിരുന്നത്. എന്നാല്‍ ഇത് തികയാതെ വന്നതോടെയാണ് രണ്ട് തവണകളിലായി അധികഫണ്ട് അനുവദിച്ചത്. ഇതോടെ 8.65 കോടി രൂപയായി യാത്രപ്പടി. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് വീണ്ടും ഫണ്ട് അനുവദിക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തിനായി ഡല്‍ഹിക്ക് പോയതിനുളള യാത്രപ്പടി നല്‍കാനാണ് അധികഫണ്ട് ആവശ്യപ്പെട്ടത് എന്നാണ് വിവരം.

70,000 രൂപയാണ് ശമ്പളവും അലവന്‍സുമായി എംഎല്‍എമാര്‍ക്ക് ലഭിക്കുന്നത്. ഇതുകൂടാതെ കേരളത്തിലും പുറത്തും ഒരു കിലോമീറ്റര്‍ യാത്രക്ക് 10 രൂപ യാത്രപ്പടിയായി ലഭിക്കും. ട്രെയിന്‍ യാത്രക്ക് ഓരോ വര്‍ഷവും 4 ലക്ഷം രൂപയുടെ കൂപ്പണും നല്‍കും. സംസ്ഥാനത്തിനകത്ത് ദിനബത്തയായി 1000 രൂപയും സംസ്ഥാനത്തിന് വെളിയില്‍ ദിനബത്തയായി 1200 രൂപയുമുണ്ട്. എം.എല്‍.എയ്ക്ക് വാഹനം വാങ്ങുന്നതിന് 10 ലക്ഷം രൂപയുടെ പലിശ രഹിത വായ്പയും വീട് നിര്‍മ്മിക്കാന്‍ കുറഞ്ഞ പലിശ നിരക്കില്‍ 20 ലക്ഷം രൂപ അഡ്വാന്‍സായി വാങ്ങാം. എം.എല്‍.എയുടെ കാലാവധിക്കുള്ളില്‍ ഈ തുക തിരിച്ചടക്കണം. മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ്, 20 ലക്ഷം രൂപയുടെ ആക്സിഡന്റ് ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളും എംഎല്‍എമാര്‍ക്കുണ്ട്. 2 വര്‍ഷം എം.എല്‍.എ ആയാല്‍ 8000 രൂപ പെന്‍ഷനായി ലഭിക്കും. 5 വര്‍ഷം എം.എല്‍.എ ആയാല്‍ പെന്‍ഷന്‍ 20000 രൂപയാണ്. 5 വര്‍ഷത്തില്‍ കൂടുതലുള്ള ഓരോ വര്‍ഷവും 1000 രൂപ വീതം പെന്‍ഷനില്‍ വര്‍ദ്ധനവ് ഉണ്ടാകും. പരമാവധി പെന്‍ഷന്‍ 50000 രൂപയാണ്.

സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ പോലും മുടങ്ങിയ അവസ്ഥയിലാണ്. 7 മാസത്തെ കുടിശികയാണ് ക്ഷേമപെന്‍ഷനിലുള്ളത്. ഇതോടൊപ്പം തന്നെ ട്രഷറി നിയന്ത്രണവും നിലനില്‍ക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളവും ലഭിച്ചിട്ടില്ല. എന്നാല്‍ എംഎല്‍എമാരുടെ കാര്യത്തില്‍ ഈ സമ്പാത്തിക പ്രതിസന്ധിയൊന്നും തടസ്സമായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top