മുനതേഞ്ഞ ആരോപണവുമായി വീണ്ടും പിസി ജോര്‍ജ്; 400 പെണ്‍കുട്ടികളെ ലൗജിഹാദിലൂടെ നഷ്ടമായി; തെളിവൊന്നും ഹാജരാക്കാതെ തള്ളല്‍ മാത്രം

ബിജെപി നേതാവ് പി സി ജോര്‍ജ് വീണ്ടും വര്‍ഗീയ വിഷം ചീറ്റലുമായി രംഗത്ത്. ഇത്തവണ ലൗജിഹാദ് എന്ന ഓടിത്തേഞ്ഞ നമ്പരുമായാണ് പൊതുവേദിയില്‍ എത്തിയത്. കേരളത്തില്‍ ലൗജിഹാദ് വര്‍ദ്ധിക്കുന്നുവെന്നാണ് പിസി ജോര്‍ജിന്റെ പുതിയ കണ്ടുപിടിത്തം. മീനച്ചില്‍ താലൂക്കില്‍ നിന്ന് മാത്രം 400 പെണ്‍കുട്ടികളെ ലൗജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാകണം. യാഥാര്‍ത്ഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെരുമാറണമെന്നുമാണ് പിസി ജോര്‍ജിന്റെ ഉപദേശം. പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പിസി ജോര്‍ജ്.

സംസ്ഥാനത്ത് ലൗജിഹാദ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് 2020 ഫെബ്രുവരി നാലിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡി വെളിപ്പെടുത്തി യിട്ടുണ്ട്. കേന്ദ്രഏജന്‍സികളൊന്നും തന്നെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ലൗജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് അംഗം ബെന്നി ബഹനാന്റെ ചോദ്യത്തിന് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ഇല്ലെന്ന് പറഞ്ഞത് സൗകര്യപൂര്‍വം മറച്ചു പിടിച്ചു കൊണ്ടാണ് ജോര്‍ജ് ഈ ആരോപണം ഉന്നയിച്ചത്.

സംസ്ഥാനത്തെ ഹിന്ദുത്വ ശക്തികള്‍ പോലും ഈയടുത്ത കാലത്തായി ഉപേക്ഷിച്ച ആരോപണമാണ് ജോര്‍ജ് പൊടിതട്ടി എടുത്തിരിക്കുന്നത്. ക്രിസ്ത്യാനികളുടെ ഇടയില്‍ ബിജെപിക്ക് സ്വാധീനം ഉറപ്പിക്കാനുള്ള അടവായിട്ടാണ് ജോര്‍ജിന്റെ പുതിയ ആരോപണത്തെ വിലയിരുത്തുന്നത്. മീനച്ചില്‍ താലൂക്കില്‍ 400 പെണ്‍കുട്ടികളെ ലൗജിഹാദിലൂടെ നഷ്ടമായെന്ന് ജോര്‍ജ് അവകാശപ്പെടുന്നുണ്ട്. ഏതെങ്കിലും അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തിന്റേയോ പഠനത്തിന്റേയോ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു കണക്ക് അവതരിപ്പിക്കുന്നതെന്ന കാര്യം ജോര്‍ജ് പറയുന്നില്ല. വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന മട്ടിലാണ് അദ്ദേഹത്തിന്റെ ആരോപണം. സംസ്ഥാനത്തെ പോലീസോ, മറ്റ് സമുദായ സംഘടനകളോ നാളിത് വരെ ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചതായി കേട്ടിട്ടില്ല.

2021 ഒക്ടോബറിലും ജോര്‍ജ് സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. കേരളത്തില്‍ ലൗ ജിഹാദിന് ഇരയായ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ പേരുവിവരങ്ങള്‍ ചീഫ് ജസ്റ്റിസിന് കൈമാറുമെന്നായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്. ഇരുന്നൂറോളം പെണ്‍കുട്ടികളുടെ പേരുവിവരങ്ങള്‍ തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. കാണാതായവരുടെ പേര് വിവരങ്ങള്‍ ചീഫ് ജസ്റ്റിന് കൈമാറിയതായി അദ്ദേഹം ഇതുവരെ മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല. റാന്നി- വെച്ചുച്ചിറയില്‍ നിന്ന് കാണാതായ ജസ്‌ന മരിയ ജെയിംസിന്റെ തിരോധാനം എന്‍ഐഎ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ക്രൈസ്തവ സംയുക്ത സമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ സംസാരിക്കുമ്പോഴാണ് 200 പേരുടെ ലിസ്റ്റിന്റെ കാര്യം പറഞ്ഞത്.

മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതിനായി പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത പറയുന്നത് ജോര്‍ജിന്റെ സ്ഥിരം പതിവാണ്.മതവിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് പിസി ജോര്‍ജിന്റെ പുതിയ വിവാദ പ്രസംഗം. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരുന്നു.മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. ചര്‍ച്ചക്കിടെ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു പരാതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top