ചാലിയാറിൽ ഇനിയും മൃതദേഹങ്ങൾ; ഇന്നും ശരീരഭാഗങ്ങൾ കണ്ടെടുത്തു

വയനാട് മുണ്ടക്കൈയിൽ നിന്നും നിലമ്പൂർ ചാലിയാറിലേക്ക് ഒഴുകിയെത്തിയത് 43 മൃതദേഹങ്ങൾ. ഇന്നത്തെ തിരച്ചിലിൽ ലഭിച്ച 11 മൃതദേഹങ്ങളും അഞ്ച് ശരീരഭാഗങ്ങളും നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു ദിവസങ്ങളിലായി 43 പേരുടെ പൂർണ മൃതദേഹങ്ങളും 30 പേരുടെ ശരീരഭാഗങ്ങളുമാണ് ലഭിച്ചത്. ഇവരിൽ നാലുപേരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

മേപ്പാടി മുണ്ടകൈ കരുണ സരോജം ഹൗസിൽ പാർഥൻ (74), ചൂരൽമല മുരളി ഭവൻ ചിന്ന (84), മേപ്പാടി സിയാ നസ്റിൻ (11), ചൂരമല ആമക്കുഴിയിൽ മിൻഹാ ഫാത്തിമ (14) എന്നിവരെ ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞിട്ടുണ്ട്. ചൂരൽമലയിൽനിന്ന്‌ ചാലിയാറിലൂടെ പോത്തുകല്ലിലേക്ക് ഒഴുകിയെത്തിയ മൃതദേഹങ്ങളാണിത്. കൂടുതൽ മൃതദേഹങ്ങൾ ഉൾവനത്തിലെ പുഴയിലുണ്ടോ എന്നറിയാനുള്ള തിരച്ചിൽ തുടരുകയാണ്. മലവെള്ളപ്പാച്ചിലിൽ മൃതദേഹങ്ങൾ ചാലിയാറിലൂടെ താഴോട്ട് ഒഴുകിപ്പോയിട്ടുണ്ടെന്ന സംശയവുമുണ്ട്.

മുണ്ടക്കൈയിൽ നിന്ന് 12 കിലോമീറ്ററോളം ചെങ്കുത്തായ മലയിടുക്കിലൂടെ ഒഴുകുന്ന അരണപ്പുഴയിലൂടെയാണ് മൃതദേഹങ്ങൾ ചാലിയാറിലെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ ഗ്യാസ് കുറ്റികളും മറ്റ് വീട്ടുസാധനങ്ങളും പുഴയിലൂടെ ഒഴുകിവരുന്നത് മുണ്ടേരി വാണിയമ്പുഴ നഗറിലെ ആദിവാസികളാണ് ആദ്യം കാണുന്നത്. പുഴയോരത്ത് മൃതദേഹ അവശിഷ്ടമുള്ളതായി കണ്ടെത്തിയ ഇവർ വിവരം പുറംലോകത്ത് എത്തിച്ചു. എൻഡിആർഎഫ്‌, പൊലീസ്‌, അഗ്നിരക്ഷാസേന, വനംവകുപ്പ്‌, നാട്ടുകാര്‍ എന്നിവര്‍ ചേർന്ന് തിരച്ചിൽ ആരംഭിച്ചു.

പോത്തുകല്ല് കുനിപ്പാലയിൽ നിന്ന് അഞ്ചു വയസ്സിൽ താഴെയുള്ള ഒരു ആൺകുട്ടിയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. കടവിലടി​ഞ്ഞ മരക്കമ്പുക​ൾക്ക് ​ഇടയി​ൽ ത​ങ്ങി​നി​ൽക്കുന്ന നിലയിലായിരുന്നു. പിന്നീട് മൂന്നു വയസുള്ള ഒരു പെൺകുട്ടിയുടെ ശരീരവും ലഭിച്ചു. തുടർന്ന് നടത്തിയ തി​ര​ച്ചി​ലി​ലാ​ണ് കൂ​ടു​ത​ൽ മൃ​ത​ശ​രീ​ര​ങ്ങ​ൾ ഒ​റ്റ​ക്കും കൂ​ട്ട​മാ​യും മ​റ്റു ക​ട​വു​ക​ളി​ൽ​നി​ന്ന് ല​ഭി​ച്ച​ത്. പനങ്കയം പാലം, വെള്ളിലമാട്, ശാന്തിഗ്രാമം, കമ്പിപ്പാലം, ഇരുട്ടുകുത്തി പാടം എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതൽ ശരീരഭാഗങ്ങൾ ലഭിച്ചത്.

മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ചൊവ്വാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 199 ആയി. ഇരുന്നൂറിന് മുകളിൽ ആളുകളെ കാണാനില്ലെന്നാണ് വിവരം. താല്ക്കാലിക പാലം നിർമിച്ച് ആയിരത്തോളം ആളുകളെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് ആദ്യം ഉരുൾപൊട്ടൽ ഉണ്ടായത്. രക്ഷാപ്രവർത്തനത്തിന് ഇടയില്‍ വീണ്ടും രണ്ടു തവണ ഉരുൾപൊട്ടലുണ്ടായി.

ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. 1726 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ഏഴായിരത്തിലധികം പേരാണ് ഈ ക്യാമ്പുകളിലുള്ളത്. രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സൈന്യവും എൻഡിആർഎഫും കോസ്റ്റ് ഗാർഡും നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരും ദുരന്തമുഖത്തുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top