480 കോടിയുടെ ലഹരിവേട്ട; ഗുജറാത്ത് തീരത്ത് പാക്ക് സംഘം പിടിയില്‍; കടത്താന്‍ ശ്രമിച്ചത് 80കിലോ ലഹരിവസ്തുക്കള്‍

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് നിന്ന് 480 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. സംഭവത്തില്‍ ആറ് പാകിസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റിലായി. കോസ്റ്റല്‍ ഗാര്‍ഡ്, ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്), നര്‍കോട്ടിക്സ്‌ കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പാക്ക് സംഘത്തെ പിടികൂടിയത്.

തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ഗുജറാത്ത്‌ പോര്‍ബന്തര്‍ തീരത്തുനിന്ന് 350 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ നിന്ന് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയത്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക്ക് സംഘം കടക്കുന്നെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 80കിലോ ലഹരി വസ്തുക്കളാണ് ബോട്ടില്‍ നിന്ന് പിടിച്ചെടുത്തത്. പരിശോധനയ്ക്കായി ബോട്ട് പോര്‍ബന്തറിലേക്ക് കൊണ്ടുപോയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

ഇതാദ്യമായല്ല ഗുജറാത്ത് തീരത്ത് നിന്നും മയക്കുമരുന്ന് പിടിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 28നും ഗുജറാത്ത് തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട എന്‍സിബി അടക്കമുള്ള ഇന്ത്യന്‍ ഏജന്‍സികള്‍ നടത്തിയിരുന്നു. അന്ന് 3,300 കിലോ ലഹരിമരുന്നാണ് പിടികൂടിയത്. ഇതിനു രാജ്യാന്തര മാര്‍ക്കറ്റില്‍ 2000 കോടി രൂപയിലധികം വില മതിക്കുന്നതാണ്. പിടിയിലായ അഞ്ചുപേര്‍ ഇറാന്‍, പാക്കിസ്ഥാന്‍ സ്വദേശികളായിരുന്നു. രാജ്യം അടുത്തിടെ കണ്ട വലിയ ലഹരി വേട്ടകളിലൊന്നാണിത്. 2022ല്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും 2,988 കിലോ ഹെറോയിന്‍ പിടിച്ചിരുന്നു.

2022ല്‍ ആഫ്രിക്കയില്‍ നിന്ന് മുംബൈയിലേക്ക് 1476 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് കടത്തിയ കേസിൽ കാലടി സ്വദേശിയായ വിജിൻ വർഗീസിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്റ്സ്‌ (ഡി.ആർ.ഐ) അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ മലയാളി ബന്ധങ്ങള്‍ ഈ കേസില്‍ സംശയിക്കുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top