ലോകകേരള സഭ കൊണ്ട് പ്രവാസികള്‍ക്ക് എന്ത് ഗുണം; പ്രഖ്യാപനങ്ങള്‍ മുഴുവന്‍ കടലാസില്‍; 64 നിര്‍ദേശങ്ങളില്‍ നടപ്പിലായത് വെറും മൂന്നെണ്ണം മാത്രം

കോടികള്‍ പൊടിച്ചുള്ള ലോക കേരള സഭയ്ക്ക് ഇന്ന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കുവൈത്ത് ദുരന്തത്തില്‍ ഏറെ മലയാളികള്‍ക്ക് ജീവന്‍ നഷ്ടമായിരിക്കെ ആഘോഷ പരിപാടികള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. നാലാമത് സഭയാണ് ഇപ്പോള്‍ നടക്കുന്നത്. കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ലോകകേരള സഭ മാറ്റിവയ്ക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഉദ്ഘാടന സമ്മേളനവും ദീപാലങ്കാരവും മാത്രമാണ് ഒഴിവാക്കിയത്. പ്രതിനിധികള്‍ എത്തിയതിനാല്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നല്കിയ വിശദീകരണം.

കഴിഞ്ഞ മാസം സഭയ്ക്ക് മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ കോടികള്‍ മുടക്കിയുള്ള ഈ മാമാങ്കം എന്തിനെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. പ്രവാസികള്‍ക്കുള്ള പദ്ധതികള്‍ എന്താണ് എന്ന ചോദിച്ചാല്‍ എടുത്തുകാട്ടാന്‍ ഉത്തരങ്ങളില്ല. പ്രവാസി പുനരധിവാസം, കേരള-സംസ്ഥാന ഓഹരി കണ്‍സോര്‍ഷ്യം, ദേശീയ കുടിയേറ്റ നയം, ലോകകേരള സഭയ്ക്കായി നിയമനിര്‍മാണം തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ഒന്നും വെളിച്ചം കണ്ടിട്ടില്ല. കഴിഞ്ഞ തവണ 67 നിര്‍ദേശങ്ങള്‍ ലോകകേരള സഭ നല്‍കിയപ്പോള്‍ നടപ്പായത് മൂന്നെണ്ണം മാത്രമാണ്. പ്രവാസി മിത്രം, സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി, കേരള മൈഗ്രേഷന്‍ സര്‍വേ എന്നിവ മാത്രമാണ് നടപ്പിലാക്കാന്‍ കഴിഞ്ഞത്. വിദേശത്തും കേരളത്തിലും സ്വന്തമായി സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ പ്രവാസികളെ പ്രോത്സാഹിപ്പിക്കാനാണ് സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി പദ്ധതി. പ്രവാസി മലയാളികൾക്ക് സംസ്ഥാന സർക്കാറിനു കീഴിലെ റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നല്‍കുന്നതിനായാണ് ‘പ്രവാസി മിത്രം’ഓൺലൈൻ സംവിധാനം നടപ്പിലാക്കിയത്. കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍ ലോകകേരള സഭയില്‍ അവതരിപ്പിക്കുന്നുണ്ട്.

ഒന്നാം ലോകകേരള സഭയ്ക്കു യാത്രാച്ചെലവ്‌ ഉള്‍പ്പെടെ 2,03,21,861 രൂപയാണ് സര്‍ക്കാര്‍ മുടക്കിയത്. ഇത് വിവാദമായപ്പോള്‍ രണ്ടാമത്തെ സഭ മുതൽ യാത്രച്ചെലവ് പ്രതിനിധികളാണു വഹിച്ചത്. രണ്ടാം സഭാ സമ്മേളനത്തിന് 1,21,68,733 രൂപയും മൂന്നാം സമ്മേളനത്തിന് 1,14,49,533 രൂപയും ചെലവിട്ടു. ഇത്തവണയും പ്രതിനിധികൾ തന്നെ യാത്രച്ചെലവു വഹിക്കുമ്പോഴാണു സർക്കാർ മൂന്നു കോടി ചെലവിടുന്നത്. പക്ഷെ എന്താണ് പ്രവാസികള്‍ക്കുള്ള ഗുണം എന്താണ് എന്ന ചോദ്യത്തിന് തത്ക്കാലം ഉത്തരവുമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top