ഇന്നും റദ്ദാക്കി കേരളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ അഞ്ച് സര്‍വ്വീസുകള്‍; ജീവനക്കാര്‍ സമരം പിന്‍വലിച്ചിട്ടും പ്രവര്‍ത്തനം സാധാരണ നിലയിലായില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് നിന്നുള്ള അഞ്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ഇന്നും റദ്ദാക്കി. കരിപ്പൂര്‍, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുളള സർവ്വീസുകളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയില്‍ നിന്നുള്ള ദമാം, ബഹ്‌റിന്‍ വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂരില്‍ നിന്നുള്ള മസ്‌കറ്റ്, റിയാദ് വിമാനങ്ങളും റദാക്കി. 1.20ന് പുറപ്പെടേണ്ട ജിദ്ദ വിമാനം വൈകുമെന്നും അധികൃതര്‍ അറിയിച്ചു. കരിപ്പൂരില്‍ നിന്നുള്ള ദുബായ് സർവ്വീസാണ് റദ്ദാക്കിയത്.
സീനിയര്‍ ക്യാബിന്‍ ക്രൂ ജീവനക്കാരുടെ പ്രതിഷേധം മൂലമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസുകള്‍ താറുമാറായത്. ജീവനക്കാര്‍ പ്രതിഷേധം പിന്‍വലിച്ചെങ്കിലും സര്‍വ്വീസുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ടാറ്റ ഏറ്റെടുത്ത ശേഷം നടപ്പാക്കിയ പരിഷ്‌ക്കാരങ്ങളില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ ഒരുമിച്ച് മെഡിക്കല്‍ ലീവെടുത്ത് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി നോട്ടീസ് നല്‍കിയതോടെ പ്രതിഷേധം ശക്തമായി.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പിരിച്ചുവിട്ട 25 ജീവനക്കാരെ തിരിച്ചെടുക്കാമെന്ന് വിമാനക്കമ്പനി ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ യൂണിയന്‍ തയ്യാറായത്.കൂട്ട അവധിയെടുത്ത ജീവനക്കാര്‍ എത്രയും പെട്ടെന്നു തന്നെ തിരിച്ച് ജോലിയില്‍ പ്രവേശിക്കാമെന്ന് സമവായ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കുകയും ചെയ്തു.
ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ല, ജോലിസമയം, അലവന്‍സ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ തുടങ്ങി പലവിധ കാരണങ്ങളാണ് സമരത്തിന് ജീവനക്കാര്‍ ഉന്നയിച്ചത്. ജീവനക്കാര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിശോധിച്ച് പരിഹരിക്കുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പുനല്‍കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here