കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കയ്യൂര്‍ ധൂര്‍ത്ത്; സ്മാരക നവീകരണത്തിന് അഞ്ചു കോടി അനുവദിച്ച് ധനവകുപ്പ്; അതിവേഗത്തില്‍ സാംസ്‌കാരിക വകുപ്പിന് പണവും കൈമാറി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ രക്തസാക്ഷി സ്മാരകമന്ദിരം നവീകരിക്കാന്‍ പണം അനുവദിച്ചു. അഞ്ചു കോടി രൂപയാണ് സ്മാരകം നവീകരിക്കുന്നതിന് അനുവദിച്ചിരിക്കുന്നത്. സാംസ്‌കാരിക വകുപ്പിനാണ് നവീകരണത്തിന്റെ ചുമതല.

കയ്യൂര്‍ രക്തസാക്ഷി സ്മാരകം നവീകരിക്കുമെന്ന് 2022-23 ലെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രകാരമാണ് നടപടികള്‍ അതിവേഗത്തില്‍ നടന്നിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് 5 കോടിയുടെ ഡിപിആര്‍ തയ്യാറാക്കി സാംസ്‌കാരിക വകുപ്പിന് നല്‍കി. ഈ ഡിപിആര്‍ അടക്കം പണം ഉടന്‍ അനുവദിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ അപേക്ഷ നല്‍കി. മന്ത്രി സജി ചെറിയാന്‍ നേരിട്ടും ധനമന്ത്രിയോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

ഇതോടെയാണ് മാര്‍ച്ച് 13ന് പണം അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കിയത്. 10 ദിവസത്തിനകം പണം സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറുകയും ചെയ്തു. നിരവധി ബില്ലുകള്‍ ട്രഷറിയില്‍ കെട്ടിക്കിടക്കുമ്പോഴാണ് ഒരു രക്തസാക്ഷി സ്മാരകത്തിന് ഇത്രയും വലിയ തുക ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാട്ടി ലൈഫ് പദ്ധിതിയില്‍ പണം അനുവദിച്ചിട്ടില്ല. സ്‌പ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. ഇതിനൊന്നും പ്രാധാന്യം നല്‍കാതെയാണ് ഒരു രക്തസാക്ഷി സ്മാരകത്തിന് ഇത്രയും വലിയ തുക അനുവദിച്ചിരിക്കുന്നത്.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങളില്‍ സംസ്ഥാനം അഭിമുഖീകരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ്. നിലവില്‍ പതിമൂന്നായിരത്തോളം കോടി രൂപ അടിയന്തരമായി കണ്ടെത്തേണ്ട സ്ഥിതിയാണ്. ബില്ലുകള്‍ മാറുന്നതിന് 6000 കോടിയിലധികം രൂപയാണ് വേണ്ടിവരുന്നത്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ 5000 കോടി വേണം. രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ 1800 കോടിയും കണ്ടെത്തണം. ഈ തുക എങ്ങനെ സമാഹരിക്കും എന്നതില്‍ ധനവകുപ്പില്‍ ആലോചനകള്‍ നടക്കുകയാണ്. എന്നാല്‍ കയ്യൂര്‍ സ്മാരകത്തിന്റെ കാര്യത്തില്‍ ഈ സാമ്പത്തിക പ്രതിസന്ധി ഒന്നും പരിഗണിക്കാതെ പണം വാരിക്കോരി അനുവദിച്ചിരിക്കുകയാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top