പാലക്കാടോ മട്ടന്നൂരോ ഉപതിരഞ്ഞെടുപ്പ് ഉറപ്പ്; മത്സരരംഗത്ത് നാല് എംഎല്‍എമാരും ഒരു മന്ത്രിയും; എംപിയാകാന്‍ ഇതുവരെ മത്സരിച്ചത് 32 എംഎല്‍എമാർ
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥികളാകുന്നത് ഇപ്പോള്‍ പതിവാണ്. ഇത്തവണയും ഉണ്ട് അഞ്ച് എംഎല്‍എമാര്‍ മത്സര രംഗത്ത്. സിപിഎം നാല് എംഎല്‍എമാരെ കളത്തില്‍ ഇറക്കിയപ്പോള്‍ കോണ്‍ഗ്രസ് ഒരാളെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. രണ്ട് എംഎല്‍എമാര്‍ നേര്‍ക്കുനേര്‍ പോരാടുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. വടകരയിലാണ് എംഎല്‍എമാരുടെ പോരാട്ടം നടക്കുന്നത്. സിപിഎമ്മിനായി കെകെ ശൈലജയും കോണ്‍ഗ്രസിനായി ഷാഫി പറമ്പിലും ഇവിടെ മത്സരിക്കുന്നു. കടുത്തപോരിന്റെ എല്ലാ ആവേശവും നിറഞ്ഞതായിരുന്നു വടകരയിലെ പ്രചരണം. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു എംഎല്‍എമാരും കളം നിറഞ്ഞു. ആലത്തൂരില്‍ മന്ത്രിയായ കെ.രാധാകൃഷ്ണനും കൊല്ലത്ത് എം.മുകേഷും ആറ്റിങ്ങലില്‍ വി.ജോയിയും ജനവിധി തേടുന്ന എംഎല്‍എമാരാണ്. വാശിയേറിയ പ്രചരണ കോലാഹലത്തിന് ശേഷം ഇപ്പോള്‍ നിശബ്ദമായി വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും.
2019 വരെയുള്ള തിരഞ്ഞെടുപ്പുകളുടെ കണക്ക് നോക്കിയാല്‍ ഇതുവരെ 27 എംഎല്‍എമാരാണ് ലോക്‌സഭയിലേക്ക് മത്സരിച്ചത്. ഇതില്‍ 15 പേര്‍ വിജയിച്ചു. 2019 ലാണ് ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ ലോക്‌സഭാ പോരാട്ടത്തിന് ഇറങ്ങിയത്. എംഎല്‍എമാരെ ഇറക്കിയുള്ള കോണ്‍ഗ്രസ് പരീക്ഷണം വിജയിച്ചപ്പോള്‍ ഇടതു പരീക്ഷണങ്ങള്‍ പലപ്പോഴും പാളിയതാണ് തിരഞ്ഞെടുപ്പ് ചരിത്രം.
1952ലെ ആദ്യ തിരഞ്ഞെടുപ്പില്‍ അവിഭക്ത കേരളത്തിലെ മൂന്ന് എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് മത്സരിച്ചു. തിരുവനന്തപുരം ഒന്നില്‍ ആനി മസ്‌ക്രീന്‍ സ്വതന്ത്രയായി വിജയിച്ചു. കോണ്‍ഗ്രസ് ടിക്കറ്റില്‍ കോട്ടയം രണ്ടില്‍ പിടി ചാക്കോയും കണയന്നൂരില്‍ എഎം തോമസും വിജയിച്ചു. രണ്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്നും, 1973ല്‍ മഞ്ചേരിയില്‍ നിന്നും മുസ്ലിംലീഗ് എംഎല്‍എ സിഎച്ച് മുഹമ്മദ് കോയ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചു.
1984ല്‍ രണ്ട് എംഎല്‍എമാരെയാണ് കോണ്‍ഗ്രസ് മത്സരത്തിന് ഇറക്കിയത്. ആറ്റിങ്ങലില്‍ നിന്ന് വക്കം പുരുഷോത്തമനും കൊല്ലത്തുനിന്ന് ആര്‍എസ് ഉണ്ണിയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരത്തിനിറങ്ങി. വിജയിച്ച് ഡല്‍ഹിക്ക് വണ്ടികയറുകയും ചെയ്തു. 89ലെ തിരഞ്ഞെടുപ്പില്‍ മൂന്ന് എംഎല്‍എമാര്‍ മത്സരിച്ചു. മൂവാറ്റുപുഴയില്‍ പിജെ ജോസഫും കോട്ടയത്ത് രമേശ് ചെന്നിത്തലയും കൊല്ലത്ത് ബാബു ദിവാകരനുമാണ് മത്സരത്തിനിറങ്ങിയത്. അത്തവണ രമേശ് ചെന്നിത്തലയ്ക്ക് മാത്രമാണ് ജയിക്കാനായത്.
1998ലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് രണ്ട് എംഎല്‍എമാരെ കളത്തില്‍ ഇറക്കി. കണ്ണൂരില്‍ എസി ഷണ്മുഖദാസ് പരാജയപ്പെട്ടപ്പോള്‍ ജോര്‍ജ് ഈഡന്‍ എറണാകുളത്ത് നിന്നും വിജയിച്ചു. 2009ലെ തിരഞ്ഞെടുപ്പില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരാണ് മത്സരിച്ചതും വിജയിച്ചതും. കണ്ണൂരില്‍ നിന്നും കെ സുധാകരനും എറണാകുളത്ത് നിന്നും കെവി തോമസും ആലപ്പുഴയില്‍ നിന്നും കെസി വേണുഗോപാലും തിരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ എംഎല്‍എമാരെ ഇറക്കിയുള്ള പരീക്ഷണം നടത്തിയത് ഇടതുമുന്നണിയായിരുന്നു. കോട്ടയത്ത് മാത്യു ടി തോമസിനെയും കൊല്ലത്ത് എംഎ ബേബിയെയും പരീക്ഷിച്ചെങ്കിലും രണ്ടുപേരും പരാജയപ്പെട്ടു.
2019ലെ തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥി കുപ്പായമണിഞ്ഞത്. ഒൻപത് എംഎല്‍എമാര്‍ മത്സരത്തിനിറങ്ങിയപ്പോള്‍ നാലുപേര്‍ക്കാണ് വിജയം നേടാനായത്. സി ദിവാകരന്‍ – തിരുവനന്തപുരം, അടൂര്‍ പ്രകാശ് – ആറ്റിങ്ങല്‍, ചിറ്റയം ഗോപകുമാര്‍ – മാവേലിക്കര, വീണ ജോര്‍ജ് – പത്തനംതിട്ട, എഎം ആരിഫ് – ആലപ്പുഴ, ഹൈബി ഈഡന്‍ – എറണാകുളം, പിവി അന്‍വര്‍ – പൊന്നാനി, എ പ്രദീപ് കുമാര്‍ – കോഴിക്കോട്, കെ മുരളീധരന്‍ – വടകര എന്നിവരാണ് മത്സരരംഗത്തേക്ക് വന്നത്. ഇതില്‍ അടൂര്‍ പ്രകാശും എഎം ആരിഫും, ഹൈബി ഈഡനും കെ മുരളീധരനും വിജയിച്ചു. മറ്റുള്ളവര്‍ തോറ്റ് നിയമസഭയില്‍ തന്നെ തുടര്‍ന്നു.
എംഎല്‍എ കുപ്പായമിട്ട് എംപി സ്ഥാനത്തേക്ക് മത്സരിച്ച പികെ കുഞ്ഞാലിക്കുട്ടിയുടെ റെക്കോർഡ് മറ്റാർക്കും ഉണ്ടാകില്ല. 2017ല്‍ മലപ്പുറം എംപിയായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് വേങ്ങര എംഎല്‍എയായിരുന്ന കുഞ്ഞാലിക്കുട്ടി മത്സരിച്ച് എംപിയായത്. 2019ലും കുഞ്ഞാലിക്കുട്ടി വിജയം തുടര്‍ന്നു. എന്നാല്‍ 2021ല്‍ ലോക്സഭയിലെ ടേം തീരുന്നതിന് മുൻപ് നിയമസഭയിലേക്ക് മത്സരിച്ച് എംഎല്‍എ ആയി. അതോടെ എംപി സ്ഥാനം രാജിവച്ച് തിരിച്ച് വീണ്ടും കേരളത്തിലെത്തി.
എംഎല്‍എമാര്‍ മത്സരരംഗത്ത് എത്തുമ്പോള്‍ കടുത്ത പോരാട്ടം നടക്കുന്നുണ്ടെങ്കിലും അതിനുശേഷം ഉപതെരഞ്ഞെടുപ്പും മറ്റുമായി കോടികളാണ് ചിലവഴിക്കേണ്ടി വരിക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here