മകള്‍ ഒളിച്ചോടിയതിന് കാമുകന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്ത് പ്രതികാരം; ഗൗണ്ടര്‍ വിഭാഗത്തിന്റെ ജാതിവെറി തമിഴ്‌നാട്ടില്‍
ദളിത് യുവാവിനൊപ്പം യുവതി ഒളിച്ചോടിയതിനാണ് ഗൗണ്ടര്‍ വിഭാഗം 50 വയസുള്ള കാമുകന്റെ അമ്മയെ ക്രൂരമായി പീഡിപ്പിച്ചത്. ധര്‍മ്മപുരിക്ക് സമീപത്തെ മൊറപ്പൂര്‍ ഗ്രാമത്തിലാണ് ദളിത് യുവാവിനൊപ്പം യുവതി ഒളിച്ചോടിയത്. ബെംഗളൂരുവില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി തയാറായില്ല.
യുവതി കാമുകനൊപ്പം ഒളിച്ചോടിയത് മനസിലാക്കിയ വീട്ടുകാര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫായിരുന്നു. ഇതോടെയാണ് ബന്ധുക്കളായ ഗൗണ്ടർ വിഭാഗക്കാർ യുവാവിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. അമ്മ ബന്ധപ്പെട്ടപ്പോള്‍ യുവാവിന്റെ ഫോണും സ്വിച്ച് ഓഫായിരുന്നു. ഇതോടെയാണ് സംഘം അമ്മക്ക് നേരെ തിരിഞ്ഞത്.
നാട്ടുകാരുടെ മുന്നില്‍ വച്ച് അമ്മയെ വിവസ്ത്രയാക്കിയ ശേഷം ബലമായി പിടിച്ചു കൊണ്ടുപോകുകയായിരുന്നു. വനത്തില്‍ എത്തിച്ച് ബലമായി മദ്യം കുടിപ്പിച്ച ശേഷമാണ് കൂട്ടബലാത്സംഗം ചെയ്തത്. ഓഗസ്റ്റ് 14നാണ് സംഭവം നടന്നത്. രാത്രി മുഴുവന്‍ ക്രൂരമായി പീഡിപ്പിച്ചതായി സ്ത്രീ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.
മകൾ ഒളിച്ചോടിയതിൻ്റെ പേരിൽ കാമുകൻ്റെ വീട്ടിലെത്തി സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം കഴിഞ്ഞയാഴ്ച പഞ്ചാബിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പെൺകുട്ടിയുടെ അച്ഛനും മൂന്നു ബന്ധുക്കളും ചേർന്നാണ് രാജ്യത്തെ നടുക്കിയ പ്രതികാരം നടപ്പാക്കിയത്. വിവാഹിതയായ സ്ത്രീയാണ് അതിക്രമത്തിന് ഇരയായത്. മെയ് ഒന്നിന് നടന്ന സംഭവത്തിൻ്റെ ആഘാതത്തിലായിരുന്ന യുവതി കഴിഞ്ഞയാഴ്ചയാണ് പരാതി പരാതി നൽകാൻ തയ്യാറായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here