ഖത്തർ ജയിലുകളിൽ 500 ലധികം മലയാളികൾ; സാമ്പത്തിക കുറ്റകൃത്യങ്ങളാണ് കാരണം

കോഴിക്കോട്: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതികളായ 500 ലധികം മലയാളികൾ ഖത്തറിലെ വിവിധ ജയിലുകളിലായി നരകയാതനയനുഭവിക്കുകയാണെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ് (ഐപിഎം). ഇവരുടെ മോചനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഐപിഎം പ്രസിഡന്റ് ആർ.ജെ.സജിത്ത് ആരോപിച്ചു.

2009 മുതൽ വിവിധ ഘട്ടങ്ങളിൽ സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ട ഖത്തർ വിപണിയിലെ ഇന്ത്യൻ നിക്ഷേപകരെ അവരുടെ നഷ്ടം അഭിമുഖീകരിച്ച കമ്പനിയുടെ സാമ്പത്തിക ബാധ്യതയുടെ പേരിൽ ഖത്തർ പോലീസ് വേട്ടയാടുകയാണ്. ഇവരുടെ മോചനത്തിനായി 200 കോടിരൂപയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പത്തുവർഷത്തിലധികമായി ജയിലിൽ കിടക്കുന്ന നിരവധി ആൾക്കാരുണ്ട്. 473 ഇന്ത്യക്കാരാണ് ഖത്തറിൽ ജയിലിൽ കഴിയുന്നത്. ഇതിൽ ഏഴുപേർ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരാണ്. ഇന്ത്യൻ എംബസി ഇവരോട് അവഗണന കാണിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.

ഖത്തറിലെ നിയമമനുസരിച്ച് വിദേശികൾക്ക് തദ്ദേശീയരായ വ്യക്തികളുടെ സ്പോൺസർഷിപ്പിൽ മാത്രമേ ബിസിനസ്സിലുംമറ്റും ഏർപ്പെടാനാവുകയുള്ളു. 49:51 എന്ന അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങൾ ഖത്തർ പൗരൻമ്മാരുമായിച്ചേർന്ന് ഇന്ത്യക്കാർ ആരംഭിക്കുന്നത്. കച്ചവടത്തിൽ നഷ്ടം സംഭവിക്കുകയും വായ്‌പകൾ മുടങ്ങുമ്പോൾ എല്ലാ ഉത്തരവാദിത്വവും ഇന്ത്യക്കാരുടെ തലയിൽ ആവുകയാണ്. ഈ ഘട്ടത്തിലാണ് പോലീസ് ഇത്തരക്കാരെ പിടികൂടി ജയിലിലാക്കുന്നത്. എന്നാൽ ഇവരുടെ മോചനത്തിനായി വേണ്ട രീതിയിൽ കേന്ദ്ര സർക്കാരോ ഖത്തറിലെ ഇന്ത്യൻ എംബസിയോ ഇടപെടാറില്ല.

2019 ഓഗസ്റ്റ് 10 ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്ന് 53 പാക്കിസ്ഥാനികളെ ഖത്തർ മോചിപ്പിച്ചിരുന്നു. 2022 ഏപ്രിൽ 17 ന് ഖത്തർ – ഇറാൻ കരാർ പ്രകാരം 28 ഇറാനിയൻ കാരെ മോചിപ്പിച്ചു. എന്നാൽ വിദേശ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഐപിഎം ഭാരവാഹികൾ പറയുന്നത്. പൊതുതാല്പര്യഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംഘടന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top