കളമശേരി സ്‌ഫോടനത്തില്‍ വ്യാജപ്രചരണം നടത്തിയതിന് 53 കേസുകളെന്ന് മുഖ്യമന്ത്രി നിയമസഭയില്‍; കേന്ദ്രമന്ത്രി മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ വരെ പ്രതികള്‍

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ വ്യാജപ്രചരണം നടത്തിയതിന് 53 പേര്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ വരെ ഈ കേസുകളില്‍ പ്രതിയായിട്ടുണ്ട്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, റിപ്പോര്‍ട്ടര്‍ ചാനലിലെ സുജയ പാര്‍വ്വതി, മറുനാടന്‍ മലയാളി ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ, ജനം ടി.വിയിലെ അനില്‍ നമ്പ്യാര്‍, കര്‍മ ന്യൂസ്, സന്ദീപ് ജി വാര്യര്‍, ലസിത പാലക്കല്‍, സെബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ക്കെതിരെയെല്ലാം വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തി മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് കേസ്. വ്യാജപ്രചരണം നടത്തിയ 69 സോഷ്യല്‍ മീഡിയ ലിങ്കുകള്‍ നീക്കം ചെയ്തുവെന്നും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. കേസുകളില്‍ തുടര്‍ നടപടി സ്വീകരിച്ചോയെന്ന് മറുപടിയില്‍ വ്യക്തമാക്കിയിട്ടില്ല. കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ തെറ്റിദ്ധാരണജനകമായ പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേസ് എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. എംഎല്‍എമാരായ എം. നൗഷാദ്, കെ.എന്‍. ഉണ്ണികൃഷ്ണന്‍, പി.വി അന്‍വര്‍, കെ.വി സുമേഷ് എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി.

സ്‌ഫോടനം സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയതിന് റിവ തോളൂര്‍ ഫിലിപ്പ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ മാത്രമാണ് പോലീസ് തുടര്‍ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29ന് കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന കൂട്ടായ്മ നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂട്ടായ്മയില്‍ അംഗമായിരുന്ന ഡൊമിനിക് മാര്‍ട്ടിനായിരുന്നു സ്‌ഫോടനം നടത്തിയത്. താനാണ് സ്‌ഫോടനം നടത്തിയതെന്ന് ഫെയ്‌സ്ബുക്ക് ലൈവില്‍ വെളിപ്പെടുത്തിയ ശേഷം ഡൊമനിക് മാര്‍ട്ടിന്‍ പോലീസില്‍ കീഴടങ്ങി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top