യുപി ജയിലുകളിൽ 95 പേർ തൂക്കുമരം കാത്തുകഴിയുന്നു; ഇന്ത്യയിലാകെ വധശിക്ഷക്ക് വിധിക്കപ്പെട്ട് 544 പേർ

രാജ്യത്ത് ഏറ്റവും കൂടുതൽ പേർ വധശിക്ഷ കാത്ത് കഴിയുന്നത് ഉത്തർ പ്രദേശിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (National Crime Records Bureau) കണക്കുകൾ പ്രകാരം 2022 ഡിസംബർ 31 വരെ യുപിയിലെ ജയിലുകളിൽ 95 പേർ തൂക്കുകയർ കാത്ത് കഴിയുന്നുണ്ട്. കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ 544 പേരെയാണ് തൂക്കുമരത്തിലേറ്റാൻ ഉള്ളതെന്ന് ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാർ ലോക്സഭയിൽ പറഞ്ഞു. മിക്കവരും ദയാഹർജി സമർപ്പിച്ചതിനാലാണ് ശിക്ഷ നടപ്പാക്കാത്തത് എന്ന് മന്ത്രി വ്യക്തമാക്കി.

ഗുജറാത്ത് (49), ജാർഖണ്ഡ് (45), മഹാരാഷ്ട്ര (45), മധ്യപ്രദേശ് (39), കർണാടക (32) എന്നീ സംസ്ഥാനങ്ങളാണ് യുപി ക്ക് തൊട്ടു പിന്നിൽ നിൽക്കുന്നത്. 2022ലെ കണക്കുകൾ പ്രകാരം 19 പേരാണ് കേരളത്തിൽ തൂക്കുമരണം വരിക്കാൻ കാത്തിരിക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്.

1947 മുതൽ ഇന്ത്യയിൽ വധശിക്ഷയ്ക്ക് വിധേയരായ ആളുകളുടെ പട്ടിക 2015ല്‍ നാഷണൽ ലോ യൂണിവേഴ്‌സിറ്റി ഡൽഹി തയ്യാറാക്കിയിരുന്നു. ഇതുപ്രകാരം 752 പേരെങ്കിലും വധശിക്ഷയ്‌ക്ക് വിധേയരായെന്നാണ് കണക്കുകള്‍. വധശിക്ഷകളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഓരോ സംസ്ഥാനത്തെയും ജയിൽ വകുപ്പുകളിൽ ലഭ്യമാണെങ്കിലും, അത്തരം വിവരങ്ങൾ പങ്കിടാൻ സർക്കാർ പലപ്പോഴും വിമുഖത കാണിക്കുന്നുണ്ട്.

സ്വതന്ത്ര ഇന്ത്യയിൽ നിരവധി സ്‌ത്രീകള്‍ക്കും വധശിക്ഷ വിധിച്ചിരുന്നു എങ്കിലും ഒരാളെ മാത്രമാണ് തൂക്കിലേറ്റിയത്. 1955 ജനുവരി 3ന് തിഹാർ ജയിലിൽ വച്ച് രത്തൻ ബായ് ജെയിനിനെയാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റിയത്. ഒരു ക്ലിനിക്കില്‍ മാനേജറായി ജോലി ചെയ്‌തിരുന്ന രത്തൻ ബായ്, ആ ക്ലിനിക്കില്‍ തന്നെ ജോലി ചെയ്‌തിരുന്ന മൂന്ന് സ്‌ത്രീകളെ വിഷം നല്‍കി കൊലപ്പെടുത്തി. തന്‍റെ ഭര്‍ത്താവുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് മൂന്ന് പെണ്‍കുട്ടികളെ ഇങ്ങനെ കൊന്നത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌ത്രീയാണ് പാറശാല ഷാരോൺ വധക്കേസ് പ്രതിയായ 24കാരി ഗ്രീഷ്‌മ. സംസ്ഥാനത്ത് വധശിക്ഷയ്‌ക്ക് കാത്തിരിക്കുന്ന രണ്ടാമത്തെ സ്‌ത്രീയാണ് ഇവർ. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബർ 14ന് ഷാരോൺ രാജിനെ ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകി കൊലപ്പെടുത്തി എന്നാണ് കേസ്. നെയ്യൂർ ക്രിസ്ത്യൻ കോളേജ് ഓഫ് അലൈഡ് ഹെൽത്തിൽ ബി.എസ്സി. റേഡിയോളജി അവസാനവർഷ വിദ്യാർത്ഥിയായിരുന്നു ഷാരോൺ.

കേരളത്തില്‍ ഇതുവരെ മൂന്ന് സ്‌ത്രീകള്‍ക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. 2006 മാർച്ചിൽ കൊല്ലം വിധുകുമാരൻ തമ്പി വധക്കേസിലെ പ്രതിയായ ബിനിതയ്‌ക്കാണ് കേരളത്തിൽ ആദ്യമായി വധശിക്ഷ വിധിക്കുന്നത്. 2024ലെ വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടാമത്തെ സ്‌ത്രീ റഫീക്കാ ബീവിയാണ്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ ജഡ്‌ജി എ എം ബഷീറാണ് ഗ്രീഷ്‌മയുടെയും റഫീക്കയുടെയും വിധി പ്രസ്‌താവിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top