ജീവനാംശം മാസം 6ലക്ഷം വേണമെന്ന് വിവാഹമോചിത; ‘വസ്ത്രങ്ങൾക്കും മേക്കപ്പിനും ചിലവേറും’; ഹൈക്കോടതിയുടെ മറുപടി വൈറൽ

കർണാടക ഹൈക്കോടതിയിൽ വിചിത്ര ആവശ്യവുമായി എത്തിയ യുവതിയുടെ ഹർജി പരിഗണിക്കുന്ന വീഡിയോ വൈറല്‍. മുൻ ഭർത്താവ് വില കൂടിയ വസ്ത്രങ്ങൾ ധരിക്കുന്നതിനാൽ തനിക്ക് പ്രതിമാസം 6.16 ലക്ഷം രൂപ ജീവനാംശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. വസ്ത്രങ്ങൾക്കും സൗന്ദര്യവർദ്ധക വസ്തുക്കൾക്കും ചികിത്സാ ചിലവുകൾക്കുമായിട്ടാണ് ഈ പണം ഹർജിക്കാരി ആവശ്യപ്പെട്ടത്.
കുടുംബ കോടതി തനിക്ക് അനുവദിച്ച 50,000 രൂപ കുറഞ്ഞ് പോയെന്നാണ് പരാതി. ബ്രാൻഡഡ് തുണിത്തരങ്ങളുടെ വില സഹിതം ഉന്നയിച്ചാണ് യുവതിക്ക് വേണ്ടി അഭിഭാഷകൻ വാദിച്ചത്. സ്വന്തമായി സമ്പാദിച്ച് ഈ കാര്യങ്ങൾക്ക് വിനിയോഗിക്കട്ടെ എന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് ജെ.ലളിത കണ്ണേഗന്ധി പറഞ്ഞു. ഈ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്.
കുട്ടികളെ വളർത്തുന്നതിനുള്ള ചെലവുകളൊന്നും യുവതി ചൂണ്ടിക്കാട്ടിയിട്ടില്ല. പ്രതിമാസ ചെലവുകൾക്കായി 6,16,300 രൂപ ആവശ്യപ്പെട്ടത് വ്യക്തിഗത കാര്യങ്ങൾക്ക് വേണ്ടിയാണ്. വ്യവഹാരക്കാർക്ക് വിലപേശാൻ കഴിയുന്ന ചന്തയല്ല കോടതിയെന്ന് സിംഗിൾ ബെഞ്ച് പരാതിക്കാരിയെ ഓർമിപ്പിച്ചു. ബാങ്ക് സ്‌റ്റേറ്റ്‌മെൻ്റ് പ്രകാരം യുവതിക്ക് 63 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്ന് പ്രതിഭാഗം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഇത് യഥാർത്ഥ ചെലവുകളല്ലെന്നും മറിച്ച് പ്രതീക്ഷിക്കുന്ന ചെലവുകളാണ് എന്നായിരുന്നു യുവതിയുടെ വാദം. ഇത്തരം ‘ലക്ഷക്കണക്കിന് രൂപയുടെ’ കണക്കുകളല്ല വേണ്ടത്, കോടതിക്ക് യഥാർത്ഥ കണക്കുകളാണ് ആവശ്യം. അത് ബോധ്യപ്പെടുത്തിയില്ലെങ്കിൽ ഹർജി തള്ളുമെന്നും കോടതി അറിയിച്ചു. കേസ് സെപ്റ്റംബർ 9ന് വീണ്ടും പരിഗണിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here