ടോയ്‌ലറ്റ് വൃത്തിയാക്കാൻ വിസമ്മതിച്ച ആറു വയസുകാരനെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടതായി പരാതി
ആറു വയസുള്ള ദലിത് കുട്ടിയെ ടോയ്‌ലറ്റ് വൃത്തിയാക്കാൻ സ്കൂൾ അധ്യാപകർ നിർബന്ധിച്ചതായി പരാതി. ഇതിന് തയ്യാറാകാതിരുന്ന കുട്ടിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. ഉത്തർപ്രദേശിലെ ജൻസത്തിലാണ് സംഭവം. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ച സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. പ്രിൻസിപ്പൽ സന്ധ്യാ ജെയിനും ക്ലാസ് ടീച്ചർ രവിതാ റാണിയും ചേർന്നാണ് ഒന്നാം ക്ലാസിൽ പഠിക്കുന്ന ആറുവയസുള്ള വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടതെന്ന് പോലീസ് പറഞ്ഞു. ദലിത് വിദ്യാർത്ഥികളോട് വിദ്വേഷം ഉള്ളതിനാൽ രണ്ട് അധ്യാപകർ മകനെ ടോയ്‌ലറ്റ് വൃത്തിയാക്കാൻ നിർബന്ധിക്കാറുണ്ടെന്ന് കുട്ടിയുടെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സ്കൂൾ സമയം കഴിഞ്ഞശേഷം ഒരു മണിക്കൂറോളം മകനെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. സ്‌കൂൾ വിട്ടതിനു ശേഷം മകൻ വീട്ടിലെത്താത്തതിനെ തുടർന്ന് മറ്റ് വിദ്യാർത്ഥികളോട് വിവരം തിരക്കിയെങ്കിലും വിവരം കിട്ടിയില്ല. തുടർന്നാണ് സ്കൂളിലെത്തിയത്. അവിടെ എത്തുമ്പോൾ സ്കൂൾ അടഞ്ഞു കിടക്കുകയായിരുന്നു. പക്ഷേ അകത്തുനിന്നും മകൻ കരയുന്നത് കേൾക്കാമായിരുന്നു. തുടർന്ന് ഗ്രാമവാസികളും കുടുംബാംഗങ്ങളും ചേർന്ന് പ്രിൻസിപ്പലിനെ വിളിച്ചു. കുറച്ചു കഴിഞ്ഞ് അധ്യാപിക രവിത റാണിയുടെ ഭർത്താവ് താക്കോലുമായി വന്ന് സ്കൂൾ തുറന്നു. കുട്ടി ക്ലാസിൽ ഉറങ്ങിപ്പോയതാകാം എന്നാണ് റാണിയുടെ ഭർത്താവ് പറഞ്ഞതെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു.
സംഭവത്തിൽ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തതായും അധ്യാപിക റാണിക്കെതിരെ നടപടി എടുത്തതായും ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) സന്ദീപ് കുമാർ പിടിഐയോട് പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിശദമായി പരിശോധിച്ച് മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായി രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സ്‌കൂൾ അടയ്ക്കുന്നതിന് മുമ്പ് എല്ലാ ജീവനക്കാരോടും ക്ലാസ് മുറികൾ പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുമാർ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here