വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണികളിൽ നഷ്ടം 600 കോടി; പിന്നിലെന്ത്…
രാജ്യത്തെ വിമാന സർവീസുകൾക്ക് നേരെ ഇന്നലെ മാത്രം ലഭിച്ചത് 50 ലേറെ ഭീഷണി സന്ദേശങ്ങൾ. എയർ ഇന്ത്യ, ഇൻഡിഗോ എന്നിവയുടെ സർവീസുകൾക്കാണ് ഏറ്റവും കൂടുതൽ ഭീഷണി ലഭിച്ചത്. 13 വീതം. ഒരാഴ്ചയ്ക്കിടെ 180ലേറെ ബോംബ് ഭീഷണികളാണ് വിവിധ കമ്പനികളുടെ സർവീസുകൾക്ക് ലഭിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് ഭീഷണി സന്ദേശങ്ങൾ എല്ലാം അയച്ചിരിക്കുന്നത്. വ്യാജസന്ദേശങ്ങൾ കാരണം 600 കോടി രൂപയിലേറെ നഷ്ടമാണ് 9 ദിവസത്തിനുള്ളിൽ വിമാനക്കമ്പനികൾക്ക് ഉണ്ടായിരിക്കുന്നത്.
വ്യാജ ഭീഷണികൾ തുടർക്കഥയായതോടെ കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു. വ്യാജ സന്ദേശങ്ങൾ അയക്കുന്നവർക്ക് യാത്രാ വിലക്കേർപ്പെടുത്തുമെന്നും നിയമ ഭേദഗതിയടക്കം പരിഗണനയിലുണ്ടെന്നും വ്യോമയാന മന്ത്രാലയവും അറിയിച്ചിരുന്നു. തുടർന്ന് സന്ദേശം അയക്കുന്ന ശൈലി മാറ്റിയതായി അന്വേഷണ ഏജൻസികൾ പറയുന്നു. മുമ്പ് ഒരു ഹാൻഡിലിൽ ഒന്നിലേറെ കമ്പനികൾക്ക് ഭീഷണികൾ അയച്ചിരുന്നു. ഇപ്പോൾ ഭീഷണികൾ ലഭിക്കുന്നത് വ്യത്യസ്ത ഹാൻഡിലുകളിൽ നിന്നാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ആസൂത്രിതമായ നീക്കമാണ് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഭീഷണികൾക്ക് പിന്നിൽ സാമ്പത്തിക താല്പര്യമുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. ഭീഷണികളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കൻ നിർദേശം നൽകിയിട്ടുണ്ട്. ബോഡി സ്കാനറുകൾ ഉൾപ്പെടെ സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here