ബാറുടമകളുടെ നികുതി സർക്കാരിന് വേണ്ട; കുടിശിക വരുത്തിയത് 606 ബാറുകൾ

2023-24 കാലയളവിൽ സംസ്ഥാനത്ത് നികുതി കുടിശിക വരുത്തിയ 606 ബാറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സണ്ണി ജോസഫ് എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2022-23 കാലത്ത് നികുതി കുടിശിക വരുത്തിയ 328 ബാറുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് ഇരട്ടിയോളം വർധിച്ചതായിട്ടാണ് ധനമന്ത്രി തന്നെ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് നികുതി റിട്ടേൺ (ടേൺ ഓവർ ടാക്സ്) ഫയൽ ചെയ്യാത്ത 198 ബാറുകൾ പ്രവർത്തിക്കുന്നതായും ധനമന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.

നികുതി കുടിശിക വരുത്തിയ ഏറ്റവും കൂടുതൽ ബാറുകൾ പ്രവർത്തിക്കുന്നത് കോട്ടയം ജില്ലയിലാണ്; 90 എണ്ണം. 71 ബാറുകൾ കുടിശിക വരുത്തിയിട്ടുള്ള തിരുവനന്തപുരം ജില്ലയാണ് തൊട്ടുപിന്നിൽ. ടേൺഓവർ ടാക്സ് ഫയൽ ചെയ്യാത്ത ബാറുകൾ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നതും തലസ്ഥാന ജില്ലയിലാണ്; 41 എണ്ണം.

നികുതി കുടിശിക വരുത്തിയ ബാറുകൾക്ക് മദ്യം വിതരണം ചെയ്യേണ്ടതില്ലെന്ന് ജിഎസ്ടി വകുപ്പ് നിലപാടെടുത്തിരുന്നു. ഇതിൽ ടേൺ ഓവർ ടാക്സ് ഏറ്റവുമധികം കുടിശിക വരുത്തിയ 24 ബാറുകൾക്ക് മദ്യം വിതരണം ചെയ്യുന്നത് ബിവറേജസ് കോർപറേഷൻ നിർത്തിയിരുന്നു. ഇതിനെതിരെ ബാറുടമകൾ ഹൈക്കോടതിയെ സമീപിച്ചതോടെ ബെവ്കോ നിലപാട് മാറ്റുകയായിരുന്നു.

ലൈസൻസ് നിലനിൽക്കെ ഈ ബാറുകൾക്ക് മദ്യം വിതരണം ചെയ്യാതിരിക്കാൻ നിയമപരമായി കഴിയില്ലെന്നും, പിരിച്ചെടുക്കാനുള്ള തുകയേക്കാള്‍ എത്രയോ ഇരട്ടി വരുമാനനഷ്ടം മദ്യം നൽകാത്തത് വഴി സര്‍ക്കാരിന് ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മലക്കം മറിച്ചിൽ. മാത്രമല്ല മദ്യവിതരണം നിര്‍ത്തിയാൽ വൻതോതിൽ നിലവാരം കുറഞ്ഞ മദ്യവും വ്യാജമദ്യവും വിൽക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യവും ന്യായീകരണമായി ധനമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു. 2023-24 സാമ്പത്തിക വർഷവും ബാറുടമകൾ നൽകാനുള്ള പണം പിരിച്ചെടുക്കുന്നതിൽ നികുതി വകുപ്പ് അനാസ്ഥ കാട്ടിയതോടെ കോടികളുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top