കാണാമറയത്ത് 62 കുട്ടികൾ; ഏറ്റവും കൂടുതൽ പേരെ കണ്ടെത്താനുള്ളത് എറണാകുളം ജില്ലയിൽ

തിരുവനതപുരം: കൊല്ലം ഓയൂരിൽ തട്ടിക്കൊണ്ട് പോയ ആറ് വയസുകാരിയെ തിരിച്ചുകിട്ടിയെങ്കിലും, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സംസ്ഥാനത്ത് നിന്നും കാണാതായ കുട്ടികളിൽ ഇനിയും കണ്ടെത്താനുള്ളത് 62 പേരെയാണ്. 2018 മുതൽ 2023 മാർച്ച് വരെയുള്ള അഞ്ച് വർഷത്തെ കണക്കാണിത്. 43 ആൺകുട്ടികളെയും 19 പെൺകുട്ടികളെയുമാണ് ഇനി കണ്ടെത്താനുള്ളത്.

ഇതര സംസ്ഥാന കുട്ടികളിൽ ചിലർ തിരികെ നാട്ടിലേക്ക് പോയോ എന്നതിൽ വ്യക്തതയില്ലാത്തതിനാൽ, അവരെ കണ്ടെത്താൻ പ്രയാസമാണ്. ഇത്തരത്തിലുള്ള ആറ് പേരെ, കണ്ടെത്താൻ കഴിയാത്തതായി പരിഗണിച്ച് കേസ് അവസാനിപ്പിക്കാൻ അനുമതി നൽകണമെന്ന് പോലീസ് കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ മനുഷ്യക്കടത്ത് സംഘങ്ങളോ, ഭിക്ഷാടന മാഫിയയോ തട്ടിക്കൊണ്ടു പോയതായ സംഭവങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ മഞ്ഞളാംകുഴി അലി എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്.

2020ൽ കാണാതായതിൽ ഒരു കുട്ടിയെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്. 2020ന് ശേഷം കാണാതായതിൽ 42 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഏറ്റവും കൂടുതൽ കുട്ടികളെ കണ്ടെത്താനുള്ളത് എറണാകുളം ജില്ലയിലാണ്, 11 പേരെ. തൊട്ടു പിന്നാലെ 10 പേരുള്ള മലപ്പുറമാണ്.

കാണാതായവരെ കണ്ടെത്താൻ ഡിസ്ട്രിക്ട് മിസ്സിംഗ് പേഴ്സൺ ട്രെയ്‌സിംഗ് യൂണിറ്റ് എല്ലാ ജില്ലയിലും സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമെ സ്ത്രീകളെയും കുട്ടികളെയും കടത്തുന്ന സംഘങ്ങളെ കണ്ടെത്താൻ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂണിറ്റും പ്രവർത്തിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂണിറ്റിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധനസഹായം നൽകിയിട്ടുണ്ട്. എന്നാൽ 2021ലെ കണക്കു പ്രകാരം മനുഷ്യ കടത്ത് സംഘം തട്ടിക്കൊണ്ട് പോയ കുട്ടികളുടെ എണ്ണത്തിൽ കേരളം അഞ്ചാം സ്ഥാനത്താണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top