64 മരുന്ന് കമ്പനികളുടെ ലൈസന്‍സുകള്‍ കേന്ദ്രം റദ്ദാക്കി, 17 മരുന്ന് പരിശോധന ലാബുകള്‍ അടച്ചുപൂട്ടണം; വ്യാജമരുന്നുകള്‍ തടയാന്‍ കര്‍ശന നടപടി
ഡല്‍ഹി: ഇന്ത്യയിൽ നിന്ന് വ്യാജ മരുന്നുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതായി റിപ്പോർട്ട് വന്നതിന് പിന്നാലെ മരുന്ന നിര്‍മ്മാണ കമ്പനികൾക്കെതിരെ നടപടി എടുത്ത് കേന്ദ്രം. ഒരു വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത് 64 മരുന്ന് കമ്പനികളുടെ ലൈസന്‍സുകള്‍. കൃത്യമായ നിർമ്മാണ രീതികൾ പാലിക്കാത്തതിലും നടപടി ക്രമത്തിലെ തുടര്‍ച്ചയായ വീഴ്ചകളും ചൂണ്ടിക്കാട്ടി 17 മരുന്ന് പരിശോധന ലബോറട്ടറികൾ അടച്ചുപൂട്ടാനും ഉത്തരവിട്ടു. കഴിഞ്ഞ 12 മാസത്തിനിടെ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 423 കമ്പനികളാണ് പരിശോധിച്ചതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. വിവിധ നിർമ്മാണ കേന്ദ്രങ്ങളില്‍ അഞ്ച് ഘട്ടങ്ങളിലായാണ് പരിശോധന നടന്നത്.
അന്വേഷണത്തിന് ശേഷം 101 മരുന്ന് കമ്പനികളുടെ പ്രവർത്തനം നിർത്തുകയും 52 കമ്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. 281 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. 131 മരുന്ന് പരിശോധന ലബോറട്ടറികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇതില്‍ 52 ലബോറട്ടറികളുടെ പരിശോധന പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. റദ്ദാക്കിയ ലൈസൻസുകളിലൊന്നും ഇതുവരെ പുതുക്കുകയോ വീണ്ടെടുക്കുകയോ ചെയ്തിട്ടില്ലത്തവയാണ്.
രാജ്യത്ത് 10,500 മരുന്ന് നിര്‍മ്മാണ കമ്പനികളാണ് ഉള്ളത്. ഇതില്‍ 8,500 കമ്പനികള്‍ ചെറുകിട വ്യവസായ മന്ത്രാലയത്തിന്‍റെ കീഴില്‍ വരുന്നു. ഇതില്‍ 2000ത്തോളം കമ്പനികള്‍ക്കാണ് ലോകാരോഗ്യസംഘടന അംഗീകരിക്കുന്ന മികച്ച നിർമ്മാണ രീതി (ജിഎംപി) സര്‍ട്ടിഫിക്കേഷന്‍ ഉള്ളത്. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ മരുന്ന് നിര്‍മ്മാണ കമ്പനികൾക്കും ജിഎംപി പാലിക്കാന്‍ ബാധ്യതയുണ്ട്.
അതേസമയം ചില വിദേശ രാജ്യങ്ങളിൽ കയറ്റുമതി ചെയ്ത കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ കയറ്റുമതി ചെയ്യുന്ന ഇത്തരം മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഡിസംബര്‍ വരെ അമ്പതോളം കഫ് സിറപ്പ് കമ്പനികളാണ് ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടത്. മെയ് മാസത്തെ വാണിജ്യ മന്ത്രാലയത്തിന്‍റെ ഉത്തരവിൽ, കഫ് സിറപ്പ് നിർമ്മാതാക്കൾ കയറ്റുമതിക്ക് മുമ്പ് സർക്കാർ ലാബിൽ സ്റ്റോക്ക് പരിശോധിക്കണമെന്ന് നിർബന്ധമാക്കിയിരുന്നു.
യുഎസിനും ചൈനയ്ക്കും ശേഷം ലോകത്തെ വലിയ മരുന്ന് ഉല്‍പാദന രാജ്യമാണ് ഇന്ത്യ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here