65 കോടി തുലച്ച കെ റെയിൽ കണക്കുകൾ പുറത്ത്; പദ്ധതി ഉടനെങ്ങും വരില്ലെന്ന് ഉറപ്പാകുമ്പോൾ നഷ്ടം ആർക്ക്
തിരുവനന്തപുരം : അതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈനിന് ഭൂമി നൽകാൻ ദക്ഷിണ റെയിൽവേ വിസമ്മതം പ്രകടിപ്പിച്ചതോടെ സർക്കാരിൻ്റെ സ്വപ്നപദ്ധതി ത്രിശങ്കുവിലായി. സമീപഭാവിയിലൊന്നും നടപ്പിലാവില്ലെന്ന് ഉറപ്പായ പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തുലച്ചത് 65.65 കോടി രൂപയാണ്.
ഭൂമി ഏറ്റെടുക്കല്‍ സെല്ലുകള്‍ക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ ശമ്പളം മാത്രം 10,76,60,434 രൂപയാണ്. കൂടാതെ കൺസൾട്ടിംഗ് ഫീസിനത്തിൽ 33 കോടി, പാരിസ്ഥിതിക പഠനം, സർവെ, ഓഫീസ് നവീകരണം തുടങ്ങിയ ഇനങ്ങളിലായി 65, 72, 35, 496 രൂപ ചെലവഴിച്ചെന്നാണ് കഴിഞ്ഞ വർഷം ജനുവരിയിൽ നിയമസഭയിൽ നല്കിയ മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയത്. 65000 കോടി രൂപയ്ക്ക് നിര്‍മ്മിക്കുമെന്ന് പറഞ്ഞ പദ്ധതിയാണ് സില്‍വര്‍ലൈൻ . പക്ഷേ, ഇതിനാവശ്യമായ കേന്ദ്ര അനുമതിയോ പരിസ്ഥിതി പഠനമോ പ്രോജക്റ്റ് റിപ്പോര്‍ട്ടോ ഇല്ലാതെയാണ് ഈ കോടികള്‍ പാഴാക്കിയതെന്ന് കൂടിയാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ഭൂമി വിട്ടുകൊടുക്കുന്നത് റെയില്‍വേ വികസനത്തെയും ട്രെയിനുകളുടെ വേഗം കൂട്ടലിനെയും ബാധിക്കുമെന്ന് റെയിൽവെ ബോർഡിന്, ദക്ഷിണ റെയിൽവെ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 183 ഹെക്ടർ റെയിൽവെ ഭൂമിയാണ് പാത കടന്നു പോകുന്ന പ്രദേശങ്ങൾക്കായി വേണ്ടത്. കോഴിക്കോട്ടും കണ്ണൂരും സിൽവർ ലൈൻ സ്റ്റേഷന്‍ നിര്‍മിക്കാന്‍ കണ്ടെത്തിയ സ്ഥലം വേറെ പദ്ധതികള്‍ക്കായി മുമ്പേ നിശ്ചയിച്ചിട്ടുള്ളതാണ്. പാലക്കാട്ട് വളവുകളോട് ചേര്‍ന്നാണ് സില്‍വര്‍ലൈന്‍ വരിക എന്നെല്ലാമായിരുന്നു റിപ്പോര്‍ട്ട്. ഭാവിയില്‍ വളവുകള്‍ നിവർത്താനുള്ള റെയില്‍വേയുടെ പദ്ധതികൾക്ക് ഇത് തടസ്സമാകുമെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. ഇതെല്ലാം സിൽവർ ലൈൻ പദ്ധതി നടപ്പിലാകില്ലെന്ന സൂചനയാണ് നല്‍കുന്നത്.
പാവപ്പെട്ടവരുടെ കിടപ്പാടം മാത്രം ഉൾപ്പെടുന്ന ഭൂമിയിൽ പോലും മഞ്ഞക്കുറ്റി നാട്ടിയതും, ഉദ്യോഗസ്ഥ സംഘത്തെ പലയിടത്തും നാട്ടുകാർ തടഞ്ഞതുമെല്ലാം സമീപകാലത്ത് കേരളം കണ്ട വൻ ക്രമസമാധാന പ്രശ്നങ്ങളിലൊന്നായി വളരുകയായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് താൽക്കാലികമായി പണി നിർത്തിവച്ചത്. മഞ്ഞക്കുറ്റി സ്ഥാപിച്ച് അടയാളമിട്ട ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതെ പദ്ധതി പ്രദേശത്തെ ജനങ്ങൾ ഇപ്പോഴും കഷ്ടപ്പെടുകയാണ്. മഞ്ഞക്കുറ്റി ഇടാൻ മാത്രം ഒന്നരക്കോടി രൂപയാണ് ചെലവഴിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here