തലസ്ഥാനത്തെ ഏഴ് ബാറുകളുടെ കച്ചവടം പൂട്ടി; 180 എണ്ണത്തിൻ്റെ കാര്യം തുലാസിൽ; ബാർകോഴ വിവാദങ്ങൾക്കിടെ മദ്യമുതലാളിമാർക്ക് ഇടിത്തീയായി ജിഎസ്ടി കുരുക്ക് മുറുകുന്നു

തിരുവനന്തപുരം ജില്ലയിലെ ഏഴ് മദ്യശാലകൾ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദായി ബാർ ലൈസൻസ് നഷ്ടപ്പെടുന്ന അവസ്ഥയിൽ. ജിഎസ്ടി കുടിശികയുടെ പേരിലാണ് അപ്രതീക്ഷിത നടപടി. സംസ്ഥാനത്താകെ 180ലേറെ ഹോട്ടലുകൾ സമാന ഭീഷണി നേരിടുന്നുണ്ട്. ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാതായാൽ സ്വഭാവികമായും കച്ചടവം നടക്കില്ല. ഉടനടി പരിഹരിച്ചില്ലെങ്കിൽ ബാർ ലൈസൻസും റദ്ദാകും എന്നതാണ് ഈ മദ്യശാലകളെ കാത്തിരിക്കുന്ന വിധി.

സിറ്റി പാലസ് ഗ്രൂപ്പിൻ്റെ മൂന്ന് ഹോട്ടലുകൾ, സഫാരി ഗ്രൂപ്പിൻ്റെ രണ്ടെണ്ണം, കൃതിക ഇൻ്റർനാഷണൽ, രാജ ഹോട്ടൽ എന്നിങ്ങനെ ഏഴെണ്ണമാണ് തിരുവനന്തപുരം ജില്ലയിൽ നടപടി നേരിട്ടത്. ഇവയെല്ലാം നഗരത്തിലും പരിസരങ്ങളിലും ഉള്ളവയാണ്. തിരുവനന്തപുരത്ത് തന്നെ ജിഎസ്ടി കുടിശികയുള്ള കൂടുതൽ മദ്യശാലകളുടെ പേരിൽ നടപടിക്ക് സാധ്യതയുണ്ട്. മറ്റു ജില്ലകളിലെല്ലാമായി ആകെ 180ലേറെ സ്ഥാപനങ്ങൾക്ക് കുടിശികയുണ്ട്. ഇവയിൽ ചിലതെല്ലാം ബിയർ, വൈൻ പാർലറുകൾ ആണ്.

പലവട്ടം മുന്നറിയിപ്പ് നോട്ടീസുകൾ അയച്ച ശേഷമാണ് നടപടിയിലേക്ക് കടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉടനടി പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാർ ലൈസൻസിനെയും ബാധിക്കും. രജിസ്ട്രേഷൻ റദ്ദാക്കിയതായി ജിഎസ്ടി വകുപ്പ് ഔദ്യോഗികമായി അറിയിച്ചാൽ എക്സൈസ് വകുപ്പ് നടപടി തുടങ്ങും. കോവിഡ് കാലം മുതലുള്ള ജിഎസ്ടി പലരും കുടിശികയാക്കിയിട്ടുണ്ട്. ജനങ്ങളിൽ നിന്ന് പിരിച്ച തുക അടയ്ക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് വിനയായിരിക്കുന്നത്.

മദ്യനയത്തിൽ ഇളവിനായി സർക്കാരിൽ സമ്മർദം ചെലുത്താൻ വൻതോതിൽ പിരിവെടുക്കാൻ ആഹ്വാനം ചെയ്യുന്ന ബാറുടമാ നേതാവിൻ്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇതിൻ്റെ പേരിൽ മദ്യമുതലാളിമാർക്കിടയിൽ ഭിന്നത രൂക്ഷമായിരിക്കെ ആണ് പുതിയ ഇരുട്ടടി ജിഎസ്ടിയുടെ രൂപത്തിൽ വരുന്നത്. ഐടി പാർക്കുകളിൽ മദ്യശാലകൾ തുടങ്ങുക, ഡ്രൈ ഡേ ഒഴിവാക്കുക തുടങ്ങി പലവിധ കാര്യങ്ങളിൽ മദ്യനയത്തിൽ ഇളവിനായി സർക്കാരിൽ സമ്മർദം ചെലുത്താൻ വൻതുക വേണ്ടിവരും എന്ന പേരിലാണ് ബാറുടമകൾക്കിടയിൽ പിരിവിന് നേതൃതലത്തിൽ നിന്ന് നീക്കം തുടങ്ങിയിരിക്കുന്നത്. ഇതിനോട് ഒരുവിഭാഗം വിയോജിച്ച് നിൽക്കുമ്പോഴാണ് അതിലും ഇരട്ടി പ്രഹരം ജിഎസ്ടി വകുപ്പിൽ നിന്ന് ഉണ്ടാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top