കൈക്കൂലിക്കേസില്‍ താലൂക്ക് ഓഫീസ് അറ്റൻഡര്‍ക്ക് 7 വര്‍ഷം കഠിനതടവ് വിധിച്ച് വിജിലന്‍സ് കോടതി; 45,000 രൂപ പിഴ
പത്തനംതിട്ട: കൈക്കൂലി കേസില്‍ പ്രതിയായിരുന്ന തിരുവല്ല താലൂക്ക് ഓഫീസ് അറ്റൻഡര്‍ക്ക് ഏഴുവർഷം കഠിനതടവ് വിധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി. താലൂക്ക് ഓഫീസ് അറ്റൻഡറായിരുന്ന കൊല്ലം കാവനാട് സ്വദേശി പി.വിൻസിക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. ഭൂമി അളന്ന് സര്‍വ്വേ നമ്പര്‍ ക്രമപ്പെടുത്തി നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. 45,000 രൂപ പിഴയടക്കാനും ഉത്തരവിട്ടു. നിലവിൽ പത്തനംതിട്ട റവന്യൂ റിക്കവറി ഓഫീസിൽ അറ്റൻഡർ ഗ്രേഡ് II ആയി ജോലി ചെയ്തുവരികയായിരുന്നു. വിജിലൻസ് കോടതി ജഡ്ജി രാജകുമാര്‍ എം.വിയാണ് ശിക്ഷ വിധിച്ചത്.
2014ലാണ് നിരണം സ്വദേശിയും കേസിലെ പരാതിക്കാരനുമായ ശശികുമാറിന്റെ പിതാവിന്റെ പേരിലുള്ള ഭൂമി അളന്നു തിരിച്ചു സർവ്വേ നമ്പർ ക്രമപ്പെടുത്തി നൽകുന്നതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി ആയിരുന്ന എം.എൻ. രമേശ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ വിൻസി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഡിവൈ.എസ്.പിയായിരുന്ന കെ.ബൈജു കുമാർ ആണ് അന്വേഷണം നടത്തിയത്. ഡിവൈ.എസ്.പി പി.ടി രാധാകൃഷ്ണപിള്ളയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
രണ്ട് വകുപ്പുകളിലായി നാല് വർഷം കഠിനതടവും 25,000 രൂപയും, മൂന്ന് വർഷം കഠിനതടവും 20,000 രൂപയും ഉൾപ്പെടെ ആകെ ഏഴ് വർഷം കഠിന തടവും 45,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി അറിയിച്ചു. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലില്‍ റിമാന്‍ഡ് ചെയ്തു. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത്ത് കുമാർ എൽ.ആർ ആണ് കോടതിയില്‍ ഹാജരായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here