മകനെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലീസിന് നേരെ അച്ഛന്‍റെ വെടിവെപ്പ്; പ്രതിക്കെതിരെ വധശ്രമമുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി കേസ്

കണ്ണൂര്‍: പോലീസിനു നേരെ വെടിവെച്ച പ്രതിക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ്. പ്രതിയായ ബാബു ഉമ്മന്‍ തോമസ് (71) ഉപയോഗിച്ചത് ലൈസന്‍സ് ഇല്ലാത്ത റിവോള്‍വര്‍ തോക്കാണെന്നും എഫ്ഐആറില്‍ പറയുന്നു. വളപട്ടണം എസ്.ഐ നിതിന്‍.എ നല്‍കിയ പരാതിയിലാണ് കേസ്.

വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ പ്രതിയായ റോഷനെ പിടികൂടാന്‍ വളപട്ടണം എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ചിറയ്ക്കലുള്ള പ്രതിയുടെ വീട്ടിലെത്തുന്നത്. വീടിനു മുന്‍പില്‍ എത്തിയപ്പോള്‍ പ്രതിയുടെ പിതാവായ ബാബു ഉമ്മന്‍ തോമസ് പോലിസിനെ കണ്ട് വാതിലടയ്ക്കുകയും റോഷനെ അറസ്റ്റ് ചെയ്യാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ വാതില്‍ തുറക്കാന്‍ കൂട്ടാക്കിയതുമില്ല.
തുടര്‍ന്ന് പോലീസ് വീട്ടിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ മുകളിലെ ജനാലയില്‍ നിന്നും റോഷന്റെ പിതാവ് പോലീസിനു നേരെ മൂന്ന് റൗണ്ട് വെടി ഉതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ പോലീസ് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. പോലീസ് ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് ബാബു ഉമ്മനെ കീഴടക്കി. കിട്ടിയ തക്കത്തില്‍ റോഷന്‍ ഓടി രക്ഷപെട്ടു.

തമിഴ്നാട് സ്വദേശിയായ ബാലാജിയെ ഒക്ടോബര്‍ 22ന് പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസിലെ പ്രതിയാണ് രക്ഷപ്പെട്ട റോഷന്‍. നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. കര്‍ണാടകത്തില്‍ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസുണ്ട്. റോഷന് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here