72 സ്ത്രീധനപീഡന മരണം; 28047 അതിക്രമ കേസുകള്‍; 8 വര്‍ഷത്തെ കേസ് വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം : സ്ത്രീധന നിരോധന നിയമം നിലവില്‍ വന്ന് ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും സ്ത്രീധനത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കും ആത്മഹത്യയ്ക്കും ഒരു കുറവുമില്ല. ഏറ്റവും ഒടുവില്‍ വരന്റെ വീട്ടുകാരുടെ ഭീമമായ സ്ത്രീധനാവശ്യങ്ങള്‍ നിറവേറ്റാനാകാത്തിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥി ഡോ: ഷഹന ജീവനൊടുക്കിയത്. 150 പവന്‍ സ്വര്‍ണ്ണവും 15 ഏക്കര്‍ ഭൂമിയും ഒരു ബി.എം.ഡബ്ല്യൂ കാറുമാണ് വിവാഹത്തിന് സ്ത്രീധനമായി ആവശ്യപ്പെട്ടതെന്നാണ് ഷഹനയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. 50 ലക്ഷം രൂപ വരെയുള്ള സ്ത്രീധനം നല്‍കാന്‍ കുടുംബം തയാറായെങ്കിലും വരന്റെ കുടുംബം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങുകയായിരുന്നു. വിവാഹം നിശ്ചയിച്ച് ഷഹനയുടെ വീട്ടില്‍ അതിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. ഇതിനു ശേഷമാണ് വിവാഹം മുടങ്ങിയത്. ഇതോടെ കടുത്ത വിഷാദ അവസ്ഥയിലായിരുന്നു ഷഹന. അനസ്‌തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

‘എല്ലാവര്‍ക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും’ കുറിപ്പ് എഴുതി വച്ചശേഷമാണ് യുവഡോക്ടര്‍ ആത്മഹത്യ ചെയ്തത്.
‘വാപ്പയായിരുന്നു എല്ലാം. ആശ്രയമായ വാപ്പ മരിച്ചു. ഇനി സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ല. സഹോദരന്‍ മാത്രമാണുള്ളത്തെ. വിവാഹത്തിന് ഉള്‍പ്പെടെ പണം ആവശ്യമാണെന്നും ഇനി ആര് നല്‍കാനാണെന്നും’ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ശക്തമായ സ്ത്രീധന നിരോധന നിയമം നിലനില്‍ക്കുന്ന സംസ്ഥാനത്താണ് ഒരു യുഡോക്ടര്‍ സ്ത്രീധനം നല്‍കാന്‍ ഇല്ലാത്തതിനാല്‍ വിവാഹം മുടങ്ങി ആത്മഹത്യയില്‍ അഭയം പ്രാപിച്ചിരിക്കുന്നത്.

8 വര്‍ഷത്തിനിടെ 72 മരണം

1961 ലാണ് രാജ്യത്ത് സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നത്. എന്നാല്‍ 62 വര്‍ഷം കഴിഞ്ഞിട്ടും നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഇത് തെളിയിക്കുന്നതാണ്. എട്ട് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 72 മരണങ്ങളാണ് സ്ത്രീധന പീഡനം മൂലം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2016ല്‍ 25, 2017ല്‍ 12, 2018ല്‍ 17, 2019ല്‍ 8, 2020ല്‍ 6, 2021ല്‍ 9, 2022ല്‍ 8, 2023 7 എന്നിങ്ങനെയാണ് ഓരോ വര്‍ഷത്തിലുമുണ്ടായ സ്ത്രീധന പീഡന മരണങ്ങള്‍.

ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ ആക്രമിച്ചതിന് 28047 കേസുകളാണ് സംസ്ഥാനത്ത് 8 വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഓരോ വര്‍ഷവും കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 2016ല്‍ 3455, 2017ല്‍ 2856, 2018ല്‍ 2046, 2019ല്‍ 2970, 2020ല്‍ 2707, 2021ല്‍ 4997, 2022ല്‍ 5019, 2023ല്‍ 3997 എന്നിങ്ങനെയാണ് ഓരോ വര്‍ഷത്തിലുമുണ്ടായ സ്ത്രീധനത്തിന്റെയും മറ്റുകാരണങ്ങളാലുമുണ്ടായ അതിക്രമങ്ങള്‍. പൊലീസില്‍ കേസായ കണക്കുകള്‍ മാത്രമാണിത്. പല സംഭവങ്ങളും പൊലീസ് കേസാകെ ഒഴിവായി പോകുന്നതും പതിവാണ്. സ്ത്രീധനം ആവശ്യപ്പെട്ടാല്‍ ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷയായി പറഞ്ഞിട്ടുള്ളത്. ഓരോ ജില്ലയിലും ഇത്തരം പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ഓഫീസര്‍മാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വര്‍ഷാവര്‍ഷം ബോധവത്കരണത്തിനടക്കം കോടികള്‍ ചിലവാക്കുന്നതില്‍ മാത്രം ഒതുങ്ങുകയാണ് നമ്മുടെ സ്ത്രീധന നിരോധന പ്രവര്‍ത്തനങ്ങള്‍.

പരാതി നല്‍കാന്‍ നിരവധി സംവിധാനങ്ങള്‍

സ്ത്രീധനം എന്നത് ഇല്ലാതാക്കുന്നതിന് എന്ത് സഹായവും നല്‍കാനുള്ള സംവിധാനം നിലവിലുണ്ടെന്ന് തിരുവനന്തപുരം സ്ത്രീധന നിരോധന ഓഫീസര്‍ പി.എസ്.തസ്‌നീം മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. 181 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതികള്‍ അറിയിക്കാം. ഇത്കൂടാതെ സോഷ്യല്‍ മീഡിയ വഴിയും പരാതികള്‍ അറിയിക്കാം. ഇത്തരത്തില്‍ നിരവധി പരാതികളാണ് ദിവസവും ലഭിക്കുന്നത്. പല പെണ്‍കുട്ടികളും നേരിട്ട് വിളിച്ച് പരാതിയറിയിക്കുന്നുണ്ട്. പോലീസ് സഹായം അടക്കം പരാതികള്‍ ലഭിച്ചാല്‍ നല്‍കുന്നുണ്ട്. യുവ ഡോക്ടറുടെ ആത്മഹത്യ സംബന്ധിച്ച് പ്രത്യേക പരിശോധന നടത്തുമെന്നും തസ്‌നീം പറഞ്ഞു.

സത്രീധനത്തിനെതിരെ പണ്ഡിതന്മാരും മഹല്ല് സംവിധാനങ്ങളും ബോധവല്‍ക്കരണം ശക്തിപ്പെടുത്തണമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ വിലപേശുന്നവര്‍ വിവാഹമല്ല കച്ചവടമാണ് നടത്തുന്നത്. വിവാഹക്കച്ചവടങ്ങള്‍ നടന്ന കുടുംബങ്ങളില്‍ സ്‌നേഹവും സമാധാനവും നിലനില്‍ക്കുകയില്ല. സ്ത്രീധനം ചോദിച്ച് വരുന്ന യുവാക്കളെയും കുടുംബങ്ങളെയും ബഹിഷ്‌കരിക്കുന്ന പെണ്‍കുട്ടികള്‍ ഇന്ന് ധാരാളമാണ്. ഈ രീതിയില്‍ സ്ത്രീധന വിരുദ്ധ നിലപാട്കളെടുക്കാന്‍ യുവതികളും അവരുടെ കുടുംബങ്ങളും മുന്നോട്ട് വന്നാല്‍ മാത്രമേ സ്ത്രീധന ദുരാചാരം ഇല്ലാതാവുകയുള്ളൂ എന്നും ഇമാം കൂട്ടിച്ചേര്‍ത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top