750കോടിക്ക് അകമ്പടിപോയ എസിപി സുരക്ഷാചട്ടങ്ങൾ പാടേ ലംഘിച്ചു, കോഴിക്കോട് സംഘത്തെ തെലങ്കാന പോലീസ് തടഞ്ഞുവച്ചു, കടുത്ത അച്ചടക്കലംഘനമെന്ന് ഡിജിപി

തിരുവനന്തപുരം: കോഴിക്കോട് നിന്ന് യൂണിയൻ ബാങ്കിൻ്റെ 750 കോടി രൂപ ഹൈദരാബാദിൽ എത്തിക്കാൻ സുരക്ഷക്ക് നിയോഗിക്കപ്പെട്ട അസിസ്റ്റൻ്റ് കമ്മിഷണർ ടി.പി.ശ്രീജിത് യൂണിഫോം ധരിക്കാതെയും തോക്ക് കയ്യിൽ കരുതാതെയും കടുത്ത സുരക്ഷാവീഴ്ച വരുത്തിയെന്ന വിലയിരുത്തലിൽ സസ്പെൻഡ് ചെയ്ത് സർക്കാർ. യാത്ര മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങൾ വഴിയായതിനാൽ ബാങ്കിൻ്റെ വാഹനം തന്നെ ഉപയോഗിക്കണമെന്ന റിസർവ് ബാങ്ക് നിർദേശം ലംഘിച്ച് ഉദ്യോഗസ്ഥൻ സ്വകാര്യ കാർ ഉപയോഗിച്ചെന്നും ഡിജിപി റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ആണ് ആഭ്യന്തരവകുപ്പിൻ്റെ നടപടി.

ഒക്ടോബർ പത്തിനാണ് യൂണിയൻ ബാങ്കിൻ്റെ കോഴിക്കോട്ടെ കറൻസി ചെസ്റ്റിൽ നിന്ന് ഹൈദരാബാദിലേക്ക് 750 കോടി രൂപ കൊണ്ടുപോകാനായി കോഴിക്കോട് ഡിസിആർബി അസിസ്റ്റൻ്റ് കമ്മിഷണർ ടി.പി.ശ്രീജിത് അടക്കം 20 അംഗ പോലീസ് സംഘത്തെ നിയോഗിച്ചത്. കോഴിക്കോട് നിന്ന് ഹൈദരാബാദിലേക്കുള്ള വഴി വിജനമായതും മാവോയിസ്റ്റ് സാന്നിധ്യമുള്ളതും ആയതിനാൽ യൂണിഫോം ധരിച്ച് ആയുധ സജ്ജരായിരിക്കണമെന്നും പണംനിറച്ച ട്രക്കുകളുമായി രാത്രി യാത്രചെയ്യാൻ പാടില്ലെന്നും നിർദേശം നൽകിയിരുന്നു. എന്നാൽ മൈസൂർ മുതൽ തെലുങ്കാനയിലെ മനോപാൽ വരെ ഉദ്യോഗസ്ഥൻ യൂണിഫോം ധരിച്ചില്ല. സർവ്വീസ് പിസ്റ്റൾ കൈവശം സൂക്ഷിച്ചതുമില്ല. സുരക്ഷാകാരണങ്ങളാൽ ബാങ്ക് ഏർപ്പാടാക്കുന്ന വാഹനങ്ങൾ മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ എന്നിരിക്കെ സ്വന്തം നിലയ്ക്ക് ഏർപ്പാടാക്കിയ സ്വകാര്യ ഇന്നോവ കാറാണ് ശ്രീജിത് ഉപയോഗിച്ചത്. യാത്രക്കിടെ തെലുങ്കാനയിൽ വച്ച് പണംനിറച്ച ട്രക്കുകളിൽ ഒന്നിൻ്റെ ടയർ പഞ്ചറായതിനെ തുടർന്ന് തെലുങ്കാന പോലീസും സ്ഥലം ആർഡിഒയും സ്ഥലത്തെത്തുകയും യൂണിഫോമില്ലാത്തതിനാൽ സംശയം തോന്നി സംഘത്തെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇവിടെ നിന്ന് രക്ഷപെട്ട ശേഷം ഹൈദരാബാദിൽ എത്തിയ സംഘം അവിടെ കറൻസി ചെസ്റ്റിൽ പണം ഏൽപ്പിച്ചു. എന്നാൽ പിന്നീട് ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ വഴിയിൽ ഉപേക്ഷിച്ച് എസിപി ശ്രീജിത് സ്വകാര്യ വാഹനത്തിൽ തിരികെപോയെന്ന കാര്യവും ക്രമസമാധാന ചുമതലയുള്ള എഡിജിപി റിപ്പോർട്ട് ചെയ്തു.

കേട്ടുകേൾവിയില്ലാത്ത വിധമുള്ള ഈ സുരക്ഷാവീഴ്ചയുടെ വിവരങ്ങൾ പരിഗണിച്ച് അതീവ ഗൌരവമെന്നാണ് ഡിജിപി ദർവേഷ് സാഹിബ് സർക്കാരിനെ അറിയിച്ചത്. കൂടാതെ മറ്റൊരു സംസ്ഥാനത്ത് തടഞ്ഞുവയ്ക്കുന്ന വിധമുള്ള സാഹചര്യം ഉണ്ടാക്കിയത് അത്യന്തം അപമാനകരവുമായി. ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന നടപടി കൂടിയാണ് ബന്തവസ് പാർട്ടിയുടെ കമാണ്ടർ എന്ന നിലയിൽ ഉന്നത ഉദ്യോഗസ്ഥൻ്റെ ഭാഗത്തുനിന്നുണ്ടായത്. ഈ സാഹചര്യത്തിൽ കടുത്ത ശിക്ഷ വേണമെന്നും പ്രാഥമികമായി സസ്പെൻഡ് ചെയ്ത് വിശദ അന്വേഷണം നടത്തണമെന്നും ആയിരുന്നു ഡിജിപിയുടെ ശുപാർശ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top