രാജ്യത്ത് പ്രതിദിനം 78 കൊലപാതകങ്ങള്‍; ഏറ്റവുമധികം യു പിയില്‍

ഡൽഹി: രാജ്യത്ത് പ്രതിദിനം ശരാശരി 78 കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ. നരഹത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 28,522 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. 2020ലെയും 21ലെയും കണക്കുകളെക്കാൾ കുറവാണിത്.
ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 3491 കേസുകളാണ് കഴിഞ്ഞ വർഷം ഇവിടെ രജിസ്റ്റർ ചെയ്തത്. ബീഹാർ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് തൊട്ട്പിന്നിൽ. രാജ്യത്താകെ റിപ്പോർട്ട് ചെയ്ത കൊലപാതക കേസുകളുടെ 43.92 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. കൊലപാതകങ്ങളിൽ 9962 എണ്ണവും തർക്കങ്ങൾ കാരണം ഉണ്ടാകുന്നതാണ്. 3761 എണ്ണം വ്യക്തി വൈരാഗ്യം കൊണ്ടും, 1884 എണ്ണം സ്വത്ത് തര്‍ക്കങ്ങളുടെ പേരിലുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് കൊലപാതകങ്ങൾ രജിസ്റ്റർ ചെയ്തത് സിക്കിമിലാണ്. ഒൻപത് കേസുകളാണ് സിക്കിമില്‍ രജിസ്റ്റര്‍ ചെയ്തത്. നാഗാലാന്‍ഡ്, മിസോറം, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളാണ് കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് സംസ്ഥാനങ്ങള്‍. കേന്ദ്രഭരണ പ്രദേശങ്ങളില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് കൂടുതല്‍ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ലക്ഷദ്വീപില്‍ കഴിഞ്ഞ വര്‍ഷം ഒരു കൊലപാതക കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടുമില്ല.
കൊല്ലപ്പെട്ടവരില്‍ 95.4 ശതമാനം പേരും പ്രായപൂര്‍ത്തിയായവരാണ്, അതില്‍ 70 ശതമാനം പുരുഷന്മാരും, 8125പേര്‍ സ്ത്രീകളും, ഒന്‍പത് പേര്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വരുന്ന വര്‍ധന പോലീസിന്റെ കഴിവുകേടായി കണക്കാക്കുന്നത് തെറ്റായ പ്രവണതയാണെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here