അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; മോദി മത്സരിക്കുന്ന വാരണാസി ഉള്‍പ്പെടെ 57 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്; യോഗം വിളിച്ച് ഇന്ത്യ സഖ്യം

ഡല്‍ഹി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലാണ് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കും.
രവിശങ്കർ പ്രസാദ്, അഭിഷേക് ബാനർജി, മനീഷ് തിവാരി, കങ്കണ റണാവത്ത് എന്നീ പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഏപ്രിൽ 19ന് തുടങ്ങിയ ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇതോടെ അവസാനിക്കുന്നത്. ചൊവ്വാഴ്ചയാണു വോട്ടെണ്ണൽ.
ഹിമാചൽപ്രദേശിൽ നിർണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കും. കോൺഗ്രസ് വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് ഹിമാചലിലെ ആറ് ഇടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കേ ഇന്ത്യ സഖ്യത്തിന്റെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. തുടർ നീക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം. മൂന്ന് മണിക്ക് മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് കൂടിച്ചേരുന്നത്. മമത ബാനർജി യോഗത്തിൽ പങ്കെടുത്തേക്കില്ല. ബിജെഡി, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി ചർച്ച നടന്നേക്കും. എക്സിറ്റ് പോൾ ഫലവും തുടർ നീക്കത്തിൽ പ്രധാനമാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here