കമ്പ് കുത്തിക്കയറി മലദ്വാരം തകര്‍ന്ന എട്ട് വയസുകാരന് പുതുജീവന്‍; രണ്ട് മേജര്‍ ശസ്ത്രക്രിയകളും വിജയം

ഉയരമുള്ള മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തിക്കയറി മലദ്വാരം തകര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ തൃശൂര്‍ ചാവക്കാട് സ്വദേശി 8 വയസുകാരനെ രണ്ട് മേജര്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഡോക്ടര്‍മാരുടെ സമയബന്ധിതമായ ഇടപെടലിലാണ് കുട്ടി ജീവിതത്തിലേക്ക് തിരികെ എത്തിയത്.

അപകടം സംഭവിച്ച രാത്രി തന്നെ നടത്തിയ അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതാണ് കുട്ടിയുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടു വരാന്‍ സഹായിച്ചത്. കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

കഴിഞ്ഞ നവംബര്‍ പത്താം തീയതി രാത്രിയിലാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിയത്. അതികഠിനമായ വയറുവേദനയും മലദ്വാരത്തിലൂടെയുള്ള രക്തസ്രാവവും ഉണ്ടായിരുന്നു. മലാശയത്തിന് പരിക്ക് കണ്ടതിനാല്‍ ഉടനടി അടിയന്തര ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു.

മലദ്വാരം മുതല്‍, മലാശയവും, കുടലും ചുറ്റുപാടുമുള്ള അവയവങ്ങളും പേശികളും, കമ്പ് കുത്തികയറിയതിനാല്‍ പൂര്‍ണമായും തകര്‍ന്നു പോയിരുന്നു. രാത്രി പന്ത്രണ്ട് മണിക്ക് തുടങ്ങി പുലര്‍ച്ചെ 6 മണി വരെ ഏകദേശം ആറു മണിക്കൂര്‍ സമയമെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

ആദ്യത്തെ ശസ്ത്രക്രിയക്ക് ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് മുറിവ് പൂര്‍ണമായും ഉണങ്ങിയ ശേഷം നടത്തിയ വിദഗ്ധ പരിശോധനയില്‍ ആദ്യ ശസ്ത്രക്രിയ പൂര്‍ണ വിജയമാണെന്ന് വിലയിരുത്തി. മുറിവ് പൂര്‍ണമായും ഉണങ്ങിയ ശേഷം സാധാരണ രീതിയില്‍ മലമൂത്ര വിസര്‍ജനം സാധ്യമാക്കുന്നതിനായി മേയ് 29ന് രണ്ടാമത്തെ മേജര്‍ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കും ശേഷം മലദ്വാരത്തിലൂടെ പഴയതു പോലെ തന്നെ കുട്ടിയ്ക്ക് മലമൂത്ര വിസര്‍ജനം നടത്താന്‍ സാധിക്കുന്നുണ്ട്. പരുക്ക് പൂര്‍ണമായി ഭേദമായ കുട്ടിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു.

പീഡിയാട്രിക് സര്‍ജറി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. നിര്‍മ്മല്‍ ഭാസ്‌കറിന്റെ നേതൃത്വത്തിലാണ് രണ്ട് ഓപ്പറേഷനുകളും നടത്തിയത്. ഡോ. രാധാകൃഷ്ണന്‍, ഡോ. അജയ്, ഡോ. ജൂബി, ഡോ. പാപ്പച്ചന്‍, ഡോ. ദീപ, പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഡോ. അശോകന്‍, സൂപ്രണ്ട് ഡോ. രാധിക എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top