കിറ്റില്ലെങ്കിലും ഹെലികോപ്റ്റർ റെഡി, മാസം 80 ലക്ഷം രൂപയ്ക്ക് പറക്കാൻ വിമാനം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സംസ്ഥാനം നട്ടംതിരിയുമ്പോഴും ധൂർത്തിനും ആർഭാടത്തിനും ഒരു കുറവുമില്ല. മുഖ്യമന്ത്രിക്കും പോലീസിനും സഞ്ചരിക്കാൻ പ്രതിമാസം 80 ലക്ഷം രൂപയ്ക്ക് സ്വകാര്യ ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ തീരുമാനമായി. രണ്ടാഴ്ചയ്ക്കുള്ളിൽ വിമാനം തിരുവനന്തപുരത്തെത്തും.
കോവിഡ് പ്രതിസന്ധിക്കിടെ 2020 ലാണ് കേരള സർക്കാർ ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ തീരുമാനിച്ചത്. വൻ ധൂർത്തെന്ന ആരോപണം ഉയർന്നതോടെ ഒരു വർഷത്തിനുശേഷം പിന്നീട് കരാർ പുതുക്കിയില്ല. എന്നാൽ രണ്ടുവർഷത്തിനുശേഷം ഹെലികോപ്റ്റർ വാടകക്കുവാങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. ഡൽഹി ആസ്ഥാനമായ ചിപ്സൺ ഏവിയേഷൻ കമ്പനിയുടെ വിമാനമാണ് വാടകയ്ക്ക് നൽകുന്നത്. മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് വാടക. അതിൽ കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും 90,000 രൂപ അധികമായി നൽകണം.
മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവർത്തനം തുടങ്ങിയ പോലീസിന്റെ ആവശ്യത്തിനാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതതെന്നു പറയുന്നുണ്ടങ്കിലും മുഖ്യമന്ത്രിയുടെ യാത്രകൾക്കാണ് പ്രധാനമായും ഹെലികോപ്റ്റർ ഉപയോഗിക്കുക. പൈലറ്റുൾപ്പടെ പതിനൊന്നുപേർക്ക് സഞ്ചരിക്കാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here