സുപ്രീംകോടതി കെട്ടിട നവീകരണത്തിന് 800 കോടി അനുവദിച്ചു; പദ്ധതി മുടക്കാന്‍ നിയമനടപടി ഉണ്ടാകില്ലെന്ന് പ്രതീക്ഷയെന്നും പ്രധാനമന്ത്രി

ഡല്‍ഹി: സുപ്രീംകോടതി കെട്ടിടസമുച്ചയത്തിൻ്റെ നവീകരണത്തിനായി 800 കോടി അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജുഡീഷ്യറിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താന്‍ കേന്ദ്രസർക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 2014 മുതല്‍ ഇതിനായി 7,000 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞു. സുപ്രീം കോടതിയുടെ 75-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 20,000 കോടി ചിലവിട്ട് പൂർത്തിയാക്കിയ പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ നിർമ്മാണത്തിനെതിരെ ഉണ്ടായത് പോലെയുള്ള നിയമനടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും മോദി തമാശരൂപേണ പറഞ്ഞു.

കോടതി സേവനങ്ങൾ ഓൺലൈൻ മുഖേന ലഭ്യമാക്കുന്ന ഇ-കോർട്ട്സ് സംവിധാനത്തിൻ്റെ രണ്ടാം ഘട്ടത്തിനായി മാറ്റിവെച്ച തുകയുടെ നാലിരട്ടി ഇ-കോര്‍ട്ട്സിന്‍റെ മൂന്നാം ഘട്ടത്തിനായി നീക്കിവച്ചിട്ടുണ്ട്. സുപ്രീം കോടതി വിധികള്‍ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ആരംഭിച്ചതില്‍ അദ്ദേഹം തൃപ്തി അറിയിച്ചു. രാജ്യത്തെ മറ്റ് കോടതികളും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നെന്നും മോദി പറഞ്ഞു. ചെറിയ നിയമലംഘനങ്ങൾ ക്രിമിനൽ കുറ്റമല്ലാതാക്കുന്ന ജന്‍വിശ്വാസ് ഭേദഗതി ബില്‍ പ്രാബല്യത്തില്‍ വന്നതോടെ ജുഡീഷ്യറിയുടെ അനാവശ്യ ഭാരം ഒഴിവാക്കാനാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ സുപ്രീം കോടതിയുടെ നവീകരിച്ച വെബ്സൈറ്റ് (www.sci.gov.in), ഡിജിറ്റൽ സുപ്രീം കോർട്ട് റിപ്പോർട്ട്സ് പോർട്ടൽ (digiscr.sci.gov.in), ഇ- കോർട്ട്സ് രണ്ടാം പതിപ്പ് എന്നിവയും ഉദ്ഘാടനം ചെയ്തു. രാജ്യമാകെയുള്ള കോടതി സംബന്ധമായ വിവരങ്ങൾ നിരീക്ഷിക്കാനായി വാർ റൂം ആരംഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇതിനായി ജില്ലാ കോടതികളുടെ അടക്കം വിവരം പങ്കുവയ്ക്കുന്ന ദേശീയ ജുഡീഷ്യൽ ഡേറ്റ ഗ്രിഡ്, ഐജൂറിസ് (iJuris) എന്നിവ ഉപയോഗിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top