കിട്ടാനുള്ളത് 8000 കോടി; സാമ്പത്തിക പ്രതിസന്ധിക്കിടയിലും കുടിശ്ശിക പിരിക്കുന്നില്ല; ജനങ്ങളെ പിഴിയുന്നതിന് ഒരു കുറവുമില്ല

ആര്‍.രാഹുല്‍

തിരുവനന്തപുരം: സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും റവന്യൂ കുടിശ്ശിക പിരിച്ചെടുക്കാന്‍ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽനിന്നും പിരിച്ചെടുക്കാനുള്ളത് കോടിക്കണക്കിന് രൂപയാണ്. ഈ വർഷം ഓഗസ്റ്റ് വരെ റവന്യൂ റിക്കവറി ഇനത്തിൽ 8,035.91 കോടി രൂപയാണ് പിരിച്ചെടുക്കാനുളളത്.

കോടതിയുടേയും സർക്കാരിൻ്റെയും സ്റ്റേ കാരണം മുടങ്ങിക്കിടക്കുന്നത് 4875.25 കോടി രൂപയാണ്. ആകെ പിരിച്ചെടുക്കാനുള്ള തുകയുടെ 60.71%മാണ് സ്റ്റേയില്‍ കുരുങ്ങിക്കിടക്കുന്നത്. എന്നിട്ടും സ്റ്റേ നീക്കാൻ വേണ്ട നടപടിക്രമങ്ങൾ സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. സാമ്പത്തിക പതിസന്ധി എന്ന വാദമുയർത്തിയാണ് ഇന്ധനത്തിന് രണ്ട് രൂപ അധിക സെസ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ കൂടുതല്‍ വിഭവ സമാഹരണത്തിനായി സര്‍ക്കാര്‍ ജനങ്ങളെ പിഴിയുമ്പോഴും ആയിരക്കണക്കണക്കിന് കോടിരൂപയുടെ റവന്യു കുടിശ്ശികയാണ് പിരിച്ചെടുക്കാനുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതുവരെ റവന്യൂ കുടിശ്ശിക ഇനത്തിൽ സർക്കാരിന് പിരിക്കാനായത് വെറും 326.76 കോടി രൂപ മാത്രമാണ്. കിട്ടാനുള്ള തുകയിൽ 11. 85 % മാത്രമാണിതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ അടുത്ത ദിവസങ്ങളില്‍ ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് കുടിശ്ശിക സംബന്ധിച്ച കണക്കുകള്‍ ചര്‍ച്ചയായത്. തിരുവനന്തപുരം (6.09%), കോഴിക്കോട് (6.64%), വയനാട് (7.77%) എന്നീ മൂന്ന് ജില്ലകളാണ് റവന്യൂ കുടിശികയുടെ കാര്യത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ജില്ലകൾ. വിൽപ്പന നികുതി, കാർഷിക ആദായനികുതി, എക്സൈസ് നികുതി, മോട്ടോർ വാഹന നികുതി, വനം കുടിശ്ശിക എന്നിവയ്ക്ക് കീഴിലുള്ളവയാണ് സർക്കാരിന് ലഭിക്കേണ്ട വരുമാനം.

റവന്യൂ റിക്കവറി ഇനത്തിൽ ലഭിക്കേണ്ട തുക പിരിച്ചെടുത്താൽ തന്നെ സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിക്ക് കുറച്ചെങ്കിലും ആശ്വാസം ലഭിക്കുമെന്നിരിക്കെ അതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ വിമുഖത കാട്ടുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എല്ലാ റവന്യൂ റിക്കവറികളും നിർത്തിവെച്ച കോവിഡ് കാലത്ത് പോലും 30%ത്തിന് മുകളിൽ പിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.

ഈ കണക്കുകൾ ശരിവെക്കുന്നതാണ് സിഎജിയുടെ റിപ്പോർട്ടും. 2023 മാർച്ച് വരെ അഞ്ച് വർഷത്തിനിടയിൽ 7,100.32 കോടി രൂപയുടെ റവന്യു കുടിശ്ശിക സര്‍ക്കാര്‍ പിരിച്ചെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 1952 മുതലുള്ള എക്‌സൈസ് വകുപ്പിന്റെ കുടിശ്ശികയും ഉള്‍പ്പെടുന്നു. 2019-2021 കാലയളവിലെ റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.


കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് സിഎജിറിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. കുടിശ്ശികയുടെ കാര്യക്ഷമമായ നിരീക്ഷണത്തിനും തുടര്‍നടപടിക്കുമായി വകുപ്പുകള്‍ ബാക്കിനില്‍ക്കുന്ന കുടിശ്ശികയുടെ ഡാറ്റാബേസ് തയ്യാറാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

വൈദ്യുതി നികുതിയായി 3,118.50 കോടി രൂപ, മോട്ടോര്‍ വാഹന നികുതിയിനത്തില്‍ 2,868.47 കോടി രൂപ, ഭൂ നികുതിയായി 635.19 കോടി രൂപ, രജിസ്‌ട്രേഷന്‍ നികുതിയായി 590.86 കോടി രൂപ എന്നിങ്ങനെയും പിരിച്ചെടുത്തില്ല. നികുതി പിരിവില്‍ വനം, പോലീസ്, എക്‌സൈസ്, മൈനിംഗ് ആന്‍ഡ് ജിയോളജി, പ്രിന്റിംഗ്, കേരള മാരിടൈം ബോര്‍ഡ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് തുടങ്ങിയവയും വീഴ്ച വരുത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top