ഏകീകൃത കുർബാന ചൊല്ലാത്തവരെ പുറത്താക്കുമെന്ന ഭീഷണിക്കെതിരെ 89 വൈദികർ; ‘നട്ടെല്ലിന് ഉറപ്പില്ലാത്ത മെത്രാന്മാർ സഭയെ തളർത്തി’

അടുത്തമാസം മുതൽ ഏകീകൃത കുർബാന നടപ്പാക്കിയില്ലെങ്കിൽ വൈദികരെ പുറത്താക്കുമെന്ന സിറോ മലബാർ സഭാ മേജർ ആർച്ചുബിഷപ്പ് റാഫേൽ തട്ടിലിൻ്റെ സർക്കുലറിനെതിരെ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപതയിലെ 89 വൈദികർ. ഇക്കഴിഞ്ഞ ദിവസം ആർച്ചുബിഷപ്പ് തട്ടിലിൻ്റെ നീക്കത്തിനെതിരെ അഞ്ച് മെത്രാന്മാരും പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു.

എറണാകുളം – അങ്കമാലി അതിരൂപതയ്ക്കെതിരെ സർക്കുലർ ഇറക്കി ആറരലക്ഷം വരുന്ന വിശ്വാസികളെയും 400ലധികം വരുന്ന വൈദികരെയും പൗരസ്ത്യസഭയിൽ ഇല്ലാത്ത നിയമസംഹിത ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നത് നിന്ദ്യവും പൈശാചികവും അപലപനീയവുമാണെന്ന് ഇരിങ്ങാലക്കുട വൈദികരുടെ പ്രതിഷേധക്കുറിപ്പിൽ പറയുന്നു. അധികാരത്തിൻ്റെ അപ്പക്കഷണങ്ങൾക്കു വേണ്ടി ഏത് ബോധ്യങ്ങളെയും മാറ്റിപ്പറയാനും ചങ്ങനാശ്ശേരി ലോബിയുടെ പാവകളായ മെത്രാന്മാർ അവർക്കു വേണ്ടി മാത്രം നിലകൊള്ളാനും തുടങ്ങിയതു മുതൽ സഭ ജീർണിക്കാൻ തുടങ്ങിയെന്ന് വൈദികർ കുറ്റപ്പെടുത്തുന്നു. വൈദികരോടും വിശ്വാസികളോടും സംവദിക്കാനും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും നട്ടെല്ലിന് ഉറപ്പില്ലാത്ത സിറോ മലബാർ സഭയിലെ ഇന്നത്തെ മെത്രാന്മാരുടെ സാന്നിധ്യം സഭയെ തളർത്തിയെന്നാണ് ആരോപണം.

ഏകീകൃത കുർബാന നടപ്പാക്കിയില്ലെങ്കിൽ വൈദികരെ പുറത്താക്കുമെന്ന ആർച്ചുബിഷപ്പ് റാഫേൽ തട്ടിലിൻ്റെ നിലപാടിനെതിരെ സിനഡ് അംഗങ്ങളായ മെത്രാന്മാർ തന്നെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര, മാർ എഫ്രേം നരികുളം, മാർ ജോസ് ചിറ്റൂപറമ്പിൽ, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരാണ് പ്രതിഷേധിച്ച് വിയോജനക്കുറിപ്പ് നൽകിയത്. ഏകീകൃത കുർബാന അർപ്പിക്കാത്തവരെ ‘മഹറോൻ’ ചൊല്ലി പുറത്താക്കുമെന്ന തീരുമാനം പുനഃ പരിശോധിക്കണമെന്നും മെത്രാന്മാർ ആവശ്യപ്പെട്ടു. ജൂലൈ മൂന്ന് മുതൽ ഏകീകൃത കുർബാന നടപ്പാക്കിയില്ലെങ്കിൽ വൈദികരെ പുറത്താക്കും എന്നായിരുന്നു മേജർ ആർച്ചുബിഷപ്പിൻ്റെ സർക്കുലർ.

മൂന്നുതരം കുര്‍ബാനരീതികളാണ് സിറോ മലബാര്‍ സഭയയിലെ രൂപതകളിലുള്ളത്. വൈദികന്‍ പൂര്‍ണമായും ജനങ്ങളെ അഭിമുഖീകരിച്ച് നടത്തുന്ന ജനാഭിമുഖ കുർബാന. രണ്ടാമത്തേത് വൈദികൻ മുഴുവൻ സമയവും അൾത്താരയ്ക്ക് അഭിമുഖമായി നിന്ന് കുർബാന ചൊല്ലുന്ന രീതി. മൂന്നാമത്തേത് ജനാഭിമുഖമായും അൾത്താരാഭിമുഖമായും കുർബാന ചൊല്ലുന്നത്. ഈ മൂന്ന് കുർബാന സമ്പ്രദായങ്ങളും ഒഴിവാക്കി ഏകീകൃത ശൈലിയിൽ കുർബാന അർപ്പിക്കണമെന്ന് മെത്രാന്മാരുടെ സിനഡ് തീരുമാനിച്ചതിനെതിരെയാണ് എറണാകുളം- അങ്കമാലി, ഇരിങ്ങാലക്കുട അതിരൂപതകളിൽ വിശ്വാസികളും വൈദികരും പ്രതിഷേധവുമായി രംഗത്ത് വന്നത്. ഈ രണ്ട് രൂപതകളിലും ജനാഭിമുഖ കുർബാനയാണ് നടക്കുന്നത്.

ഏകീകൃത കുർബാനയിൽ അന്ത്യശാസനം നൽകിക്കൊണ്ടുള്ള മാർ റാഫേൽ തട്ടിലിൻ്റെ സർക്കുലർ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ കഴിഞ്ഞ ഞായറാഴ്ച വായിക്കാൻ പോലും വൈദികർ തയ്യാറായില്ല. സർക്കുലർ കീറി ചവറ്റുകുട്ടയിലിട്ടും കത്തിച്ചും വിശ്വാസികൾ പലയിടത്തും പ്രതിഷേധിച്ചു. ചില പള്ളികളിൽ സർക്കുലറിനെ അനുകൂലിച്ചും എതിർത്തും വിശ്വാസികൾ എത്തിയതോടെ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top